2013 മേയ് 30, വ്യാഴാഴ്‌ച

മലയാളി ഹൗസും അതിലെ അന്തേവാസിക്കൂതറകളും........

                                                                                                -സദക്കത്തുള്ള വടകര-

ചാനല്‍ രണഭൂമിയില്‍ പുത്തനടവുകള്‍ പയറ്റി എങ്ങിനെ തങ്ങളുടെ ചാനല്‍റേറ്റ്‌ വര്‍ദ്ധിപ്പിക്കാം എന്ന് ചിന്തിച്ച് തലപുണ്ണാക്കുന്ന കാലമാണിത്‌. പ്രത്യേകിച്ച് ഒരു പണിയുമില്ലാതെ വീടുകളില്‍ ചടഞ്ഞിരിക്കുകയും മുഷിയുമ്പോള്‍ തെക്ക് വടക്ക് നടക്കുകയും ചെയ്യുന്ന ഒത്തിരി സിനിമാ-സീരിയല്‍ താരങ്ങളെ അവര്‍ ജീവിച്ചിരിക്കുന്നു എന്നതിനു തെളിവായി പല പരിപാടികളിലും കാണാന്‍ തുടങ്ങിയിട്ട് കുറച്ചായി. അവര്‍ക്ക് സമാശ്വാസത്തിനു വേണ്ടിയുള്ളതാണോ പരിപാടികളെന്ന് ചിലപരിപാടികളെങ്കിലും കാണുമ്പോള്‍ തോന്നിപ്പോവാറുമുണ്ട്. വീട്ടിന്റെ അടുക്കളയില്‍ ഒത്തൊരുമയോടെയും പരസ്പരഐക്യത്തോടെയും വീട്ടുവേലചെയ്യുന്ന അമ്മായിയമ്മയെയും മരുമകളെയും ചാനലുകളില്‍ കൊണ്ട് വന്നു പരസ്പരം വിഴുപ്പലക്കിച്ച് തമ്മില്‍തല്ലിക്കുന്ന ഒരുമാതിരി ചൊറിയന്‍ പരിപാടി കാണാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യനാണ് മലയാളി. ഭാര്യ വെറുതെയല്ലെന്നും വെറുതെയിരിക്കുന്നവള്‍ ഭാര്യയല്ലെന്നും പഠിപ്പിക്കുകയും പിന്നെന്തിനാണ് ഭാര്യയെന്നു പഠിപ്പിച്ചുകൊടുക്കാന്‍ സാധിക്കുകയും ചെയ്യാത്ത ചാനലുകളെയും മലയാളി സഹിച്ചു കൊണ്ടിരിക്കുന്നു. ഏതോ ഒരു മിസ്സ്‌ കോളിലൂടെ ജീവിത സഖിയാക്കി പിന്നീട് വേര്‍പിരിഞ്ഞ/പിരിയാനിരിക്കുന്നവരുടെ സ്വകാര്യതകള്‍ കുടുംബ കോടതികളില്‍ പറഞ്ഞു തീര്ക്കുന്നതിനു പകരം പച്ചയായി പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുന്ന നാടാണ് നമ്മുടെത്‌. സ്ത്രീ ആരാണെന്നും സ്വന്തം കുടുംബത്തിനും അതിലുപരി സമൂഹത്തിന്നും വേണ്ടി അവള്‍ക്കു എന്തു ചെയ്യാനാവുമെന്നും തെളിവ് സഹിതം കാണിച്ചുകൊടുക്കുന്ന നേരിന്റെയും നന്മയുടെയും സംപ്രേഷണങ്ങളും കേരളീയന്‍ കണ്ടുകൊണ്ടിരിക്കുന്നുണ്ട്‌.

നിരവധിയനവധി ചാനലുകളാണ് കൊല്ലംതോറും പ്രക്ഷേപണം തുടങ്ങിക്കൊണ്ടിരിക്കുന്നത്. ഇനിയും ചിലത് അണിയറയില്‍ ചമഞ്ഞൊരുങ്ങിക്കൊണ്ടിരിക്കുന്നു. മൂന്ന് നാല് കൊല്ലം മുമ്പ്‌ മുഖ്യനോ പാര്‍ട്ടി സെക്രെട്ടറിയോ കസേരയിലിരുന്നു പത്ര സമ്മേളനം നടത്തുമ്പോള്‍ അവരുടെ മുഖങ്ങള്‍ ചാനല്‍ മൈക്രോഫോണുകള്‍ മുമ്പിലുണ്ടെങ്കിലും കാണാന്‍ പാകത്തിലായിരുന്നു. ഏറിവന്നാല്‍ അഞ്ചെട്ടെണ്ണം. ഇന്ന് ചാനല്‍ മൈക്രോഫോണുകള്‍ നിരനിരയായും ചാനല്‍ ക്യാമറകള്‍ വരിവരിയായും മല്സരിചൊപ്പിയെടുത്ത്‌ തനിമചോരാതെ പ്രക്ഷേപണം ചെയ്തു മത്സരിക്കുന്ന കാഴ്ച മറ്റെല്ലാ ഭാഷാ ചാനലുകളെയും പോലെ മലയാളത്തിലും ശക്തമാണ്. നേര് നേരത്തെ എത്തിക്കാനുള്ള വ്യഗ്രതയില്‍ ചിലപ്പോഴൊക്കെ നേര് നേരല്ലാതെയാവുന്നുമുണ്ട്. വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളും കാണാനും കേള്‍ക്കാനും വായിക്കാനും മറ്റെല്ലാവരെക്കാളും ഒരുപടി മുന്നിലാണ് മലയാളി മനസ്സ്‌. വൈകുന്നേരങ്ങളിലെ കൌണ്ടര്‍ പോയിന്റുകളും ഫോക്കസ്‌ കേരളങ്ങളും എഡിറ്റര്‍സ് ഹവറുകളും സ്പെഷ്യല്‍ എഡിഷനുകളുമെല്ലാം കാണാതെ പോവാന്‍ മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ ഒരുക്കമല്ല എന്നത് സത്യമാണ്.

ഇതിന്നിടയിലാണ് മലയാള ചാനല്‍ റേറ്റിംഗില്‍ വളരെ പിമ്പേഗമിക്കുന്ന ഗോക്കളിലൊരാളായ സൂര്യ ചാനല്‍ മറ്റു ചാനലുകള്‍ക്ക് മുമ്പേഗമിക്കുന്ന ഗോപുവാകാന്‍ ഒരു തരം കൂതറഷോയുമായി രംഗത്ത്‌ വന്നത്. ഇതിനെ എന്ത് ഷോ എന്ന് പേരിട്ടു വിളിക്കണമെന്നറിയില്ല. യഥാര്‍ത്ഥ റിയാലിറ്റിഷോ എന്നാണു സ്വയം പരിചയപ്പെടുത്തുന്നത്. ചില എപ്പിസോഡുകള്‍ കണ്ടു കഴിഞ്ഞാല്‍ തോന്നുക ചുവന്ന തെരുവിന്റെ ടെലിവേര്‍ഷന്‍ എന്നാണ്. വല്ലവരും ഇങ്ങനെ പേരിട്ടുവിളിക്കുന്നുണ്ടെങ്കില്‍ അവരെ കുറ്റം പറയാനൊക്കില്ല. ഏതോ ഒന്ന് രണ്ടു എപ്പിസോഡിന്‍റെ ചില ക്ലിപ്പുകള്‍ മോന്ത പുസ്തകത്തിന്റെ ചുവരുകളില്‍കണ്ടതിന്റെ അടിസ്ഥാനത്തിലാണീയെഴുത്ത്‌. ചോറ് വെന്തോ എന്ന് നോക്കാന്‍ മുഴുവന്‍ ചോറും തിന്നു നോക്കേണ്ടതില്ലല്ലോ!

കേരളത്തിലെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പതിനാറോളം പേര്‍ നൂറു ദിവസത്തോളം ഒരു വീട് വാടക്കെടുത്ത് താമസിച്ചു അവരുടെ ഉണര്‍വ്വും ഉറക്കവും, തീറ്റയും കുടിയും, അലക്കലും ഇസ്തിരിയിടലും, കാബറ ഡാന്‍സും സിനിമാറ്റിക് ഡാന്‍സുമുള്‍പ്പെടെയുള്ള സകല കോപ്രായത്തങ്ങളും പലയിടങ്ങളിലായി ഘടിപ്പിച്ച ക്യാമറകള്‍ ഒപ്പിയെടുക്കുന്നു. ഇക്കൂട്ടര്‍ക്ക് പുറം ലോകവുമായി ഒരു ബന്ധവുമില്ലപോലും. എന്നിട്ട് യാതൊരു ഉളുപ്പുമില്ലാതെ മലയാളി ഹൗസ്‌ എന്ന് പേര് വിളിച്ചു സംപ്രേഷണം ചെയ്തു മൊത്തം മലയാളി വീടുകളെ അപമാനിക്കുന്നു. നൂറു എപ്പിസോഡെങ്കിലും പ്രക്ഷേപണം ചെയ്യുമെന്നാ പറയുന്നത്. കുളിമുറിയിലും കക്കൂസിലുമൊക്കെ ഘടിപ്പിച്ചിട്ടുണ്ടോ ആവോ? ഉണ്ടെങ്കില്‍ അതും പ്രക്ഷേപണം ചെയ്യാന്‍ മടിക്കില്ലെന്നാണ് ചാനലിന്റെ വാശികേട്ടാല്‍ തോന്നുക.

ഈ പുതിയ റിയലായ റിയാലിറ്റി ഷോ മലയാളികള്‍ക്ക് വിളമ്പിക്കൊടുക്കാനുള്ള വ്യഗ്രതയില്‍ മലയാളം എന്ന വാക്ക് മലയാളത്തില്‍ തെറ്റുകൂടാതെ എഴുതാന്‍ പോലും ചാനലുകാരന്നു സാധിച്ചിട്ടില്ല. മലായള ചാനല്‍ എന്നാണ് എഴുതിക്കാണിച്ചത്. മുംബായിലെ കാമാത്തിപുരയിലോ ചെമന്ന തെരുവുകളിലോ പച്ചയായി നടക്കുന്നത് പോലുള്ള സിനിമകള്‍ ആവിഷ്കാരങ്ങളെന്നപേരില്‍ സ്വന്തം ആങ്ങളച്ചാനലായ കിരണ്‍ ടിവിയില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മൂത്ത സഹോദരി സൂര്യയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ. ആങ്ങളയുടെ വഴിയേ പെങ്ങളും. പക്ഷെ ആങ്ങളയുടെയും പെങ്ങളുടെയും അഭിനേതാക്കളില്‍ ചിലരില്‍ മാത്രം ഇത്തിരി മാറ്റം.

ഇത്രയൊന്നും അധ:പ്പതിക്കുമെന്നു മലയാളികള്‍ ഒരിക്കലും വിചാരിക്കാത്ത പൊതുവിജ്ഞാനരംഗത്തെ അശ്വാരൂഢനായ ഗ്രാന്‍ഡ്‌മാസ്റ്റര്‍ ജീ എസ് പ്രദീപാണ് ഈ കൂടിയാട്ടത്തിലെ ആദ്യകഥാപുരുഷന്‍. ചലിക്കുന്ന വിജ്ഞാനകോശമെന്നോ അറിവിന്റെ അക്ഷയഖനിയെന്നോ പേരിട്ടുവിളിക്കാന്‍ മലയാളിയുടെ മനസ്സുകള്‍ വെമ്പല്‍ കൊണ്ടിരുന്ന വൈജ്ഞാനിക കുലപതി. അശ്വമേധം എന്ന പരിപാടിയിലൂടെ ഒരുകാലത്ത്‌ കൈരളിചാനലിന്റെ റേറ്റിംഗ് വളരെയധികം കൂട്ടിയിരുന്നു പ്രദീപ്‌. കൂതറപ്പാട്ടുകളും കണ്ണീരണിയിക്കുന്ന സീരിയലുകളും ഇക്കിളിപ്പെടുത്തുന്ന സിനിമകളും കേട്ടുതഴമ്പിച്ച കോമഡികളും പൊടിപൊടിക്കുന്ന ചാനല്‍ പരിപാടികള്‍ ചമ്രംപടിയിട്ടിരുന്നു കാണുന്ന കാലത്തായിരുന്നു ചാനലുകള്‍ വൈജ്ഞാനികവളര്‍ച്ചക്ക് കൂടി ഉപകരിക്കുന്നതാണെന്ന് തെളിയിച്ചുകൊണ്ട് കൈരളി ചാനലിലൂടെ ജി എസ് പ്രദീപ് മലയാളി മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയത്. കഴിഞ്ഞ വര്ഷം ഗള്‍ഫ്‌ മേഖലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മലര്‍വാടിയുടെ ആഭിമുഖ്യത്തില്‍ അദ്ദേഹം തന്നെ നയിച്ച മെഗാക്വിസ് പരിപാടിയിലൂടെ പുത്തന്‍തലമുറയിലെ പതിനായിരക്കണക്കിന്നു വിദേശമലയാളിക്കുട്ടികളുടെ മനസ്സിലും അദ്ദേഹത്തിനു താരപരിവേഷം ലഭിച്ചിരുന്നു. അതെല്ലാം അദ്ദേഹം നൂറുദിനങ്ങള്‍ കൊണ്ട് കളഞ്ഞുകുളിച്ചു എന്ന് വേണം കരുതാന്‍. അശ്ലീലച്ചുവയുള്ള നാലാം കിട വളിപ്പത്തരങ്ങള്‍ കോളേജ്‌ പെണ്പിള്ളേരോട് പറഞ്ഞു സ്വയം ചിരിക്കുന്ന ഒരു കോളേജ്കോമ്പൌണ്ട് പൂവാലന്റെ നിലവാരമേ പൊതുവിജ്ഞാന മാസ്റ്റര്‍ക്കുള്ളൂ എന്ന് മനസ്സിലായി. പ്രേക്ഷകരെ കോടീശ്വരനാക്കാന്‍ സൂപ്പര്‍ സ്റ്റാര്‍ ഗോപിയങ്കിള്‍ 'നേരോടെ നിര്‍ഭയം നിരന്തര'ത്തിലിരുന്നു ലക്ഷങ്ങളുടെ കണക്കുകള്‍കൊണ്ട് അമ്മാനമാടുമ്പോള്‍ ഈ 'കമ്മീഷണ'റേക്കാള്‍ എന്തുകൊണ്ടും മികച്ചരീതിയില്‍ പരിപാടി അവതരിപ്പിക്കാന്‍ ഗ്രാന്‍ഡ്‌ മാസ്റ്ററല്ലേ ഉചിതന്‍ എന്ന് പലപ്പോഴും തോന്നിപ്പോയിരുന്നു. താങ്കള്‍ മലയാളി ഹൌസില്‍ നിന്ന് തപസ്സും കഴിഞ്ഞു തിരിച്ചു വരുമ്പോഴേക്കും ഉള്ള ഇമേജെല്ലാം ദേ പോയിരിക്കും. പുറംലോകവുമായി യാതൊരുവിധത്തിലുള്ള ബന്ധവുമില്ലാതെ വിജ്ഞാനകുതുകിയായ താങ്ങളെപോലുള്ളവര്‍ക്കെങ്ങിനെ തൊണ്ണൂറു ദിവസം കഴിച്ചു കൂട്ടാന്‍ സാധിക്കുന്നു?


മറ്റൊരു നായിക കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥിപ്രസ്ഥാനത്തെ അമരത്ത് നിന്ന് നയിച്ച സിന്ധുജോയി. സ്വന്തം കല്യാണം പോലും മറന്ന് പാര്‍ട്ടിക്ക് വേണ്ടി ഒരു വ്യാഴവട്ടക്കാലം പ്രവര്‍ത്തിച്ച് പോലീസ് ലാത്തിയുടെ ചൂടറിഞ്ഞ ധീര വിപ്ലവകാരി. ചുവന്ന മലയാളി ഹൌസില്‍ ഡാന്‍സിന്റെ ഏബിസിഡി പോലും അറിയാത്ത സന്തോഷ്‌ പണ്ഡിറ്റിന്‍റെ കൂടെ ആടുകയും ഭാവി ശബരിമല മഹര്‍ഷി രാഹുല്‍ ഈശ്വറിന്‍റെ കൂടെ കൊഞ്ചിക്കൊഞ്ചി സംസാരിക്കുകയും ഗ്രാന്‍ഡ്‌മാസ്റ്ററോട് ഡയലോഗ്‌ അടിക്കുകയും ചെയ്യുന്നത് കണ്ടപ്പോഴാണ് ഒരു പഴയ വിപ്ലവകാരി ഇപ്പോഴും ഒരു ചാനലിലെങ്കിലും ജീവിച്ചുകൊണ്ടിരിക്കുന്നു എന്നു മലയാളിയറിഞ്ഞത്. വിപ്ലവ ശൌര്യം ചോര്‍ന്നു പോയ പാര്‍ട്ടിനേതാക്കളോട് ലാല്‍സലാം പറഞ്ഞ് കുഞ്ഞൂഞ്ഞ് സാറില്‍നിന്നു മുന്നണിപ്രവേശപട്ടവും നേടി പാര്‍ട്ടിയില്‍ നിന്ന് നേരിട്ട മഹാപാപ(തക)ങ്ങള്‍ യേശുദേവനോട് നേരിട്ടേറ്റു പറഞ്ഞ് കുമ്പസരിച്ചു പോയതിനുശേഷം കുറേക്കാലം സിന്ധുവിനെ കാണാനേയില്ലായിരുന്നു. കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പ്‌ വഴക്ക് മറന്നിട്ടെങ്കിലും എന്തെങ്കിലും തരത്തിലുള്ള ഒരു കുന്ചിക സ്ഥാനമെങ്കിലും തരപ്പെടുത്തിക്കൊടുത്തിരുന്നെങ്കില്‍ സുര്യ ടിവിയുടെ ഈ കാമാത്തിപ്പുരയില്‍ നിന്നും പുള്ളിക്കാരിയെ രക്ഷിക്കാമായിരുന്നു. വിപ്ലവ മനസ്സുപേക്ഷിച്ച് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നെങ്കിലും കോണ്‍ഗ്രസിലെ വനിതാ നേതാക്കളുടെ ബാഹുല്യം മൂലം ഒരു മൂലയിലേക്ക് തള്ളപ്പെട്ട് ആരാരും തിരിഞ്ഞുനോക്കാനില്ലാത്ത സമയത്തായിരിക്കാം ഈ മുന്‍ വിപ്ലവകാരിക്ക് സൂര്യവെളിച്ചം നല്‍കപ്പെട്ടത്. ചാര്‍ളി പണ്ഡിറ്റിന്റെ കൂടെ ആടുന്നത് കണ്ടപ്പോള്‍ തോന്നിയത് സിന്ധുവിന്റെ പഴയ സഹപ്രവര്‍ത്തകയമ്മയും ഒബാമയങ്കിളിന്റെ നാട്ടുകാര്‍ക്ക് ഇംഗ്ലീഷ് വ്യാകരണം പഠിപ്പിച്ച മുന്‍ ആരോഗ്യമന്ത്രിയെയാണ്. താനും അതിലുപരി തന്റെ വകുപ്പും ആരോഗ്യമുള്ളവകുപ്പാണെന്ന് കാണിക്കാന്‍ പാര്‍ട്ടി സമ്മേളനസ്റ്റേജില്‍ പരസ്യമായി ആടിത്തിമര്‍ത്തത് സിന്ധു പഠിച്ചു കാണും. ഭാവിയില്‍ ഒരു കലാമണ്ഡലം സിന്ധുവാകാന്‍ എല്ലാവിധ സാധ്യതയും തെളിഞ്ഞുവരുന്നുണ്ട്. മതില്‍ ചാടിയവരും മഹിളാ നേതാവിന്നു പാതിരാവഴികാട്ടിക്കൊടുത്തവരും ആകാശയാത്രയില്‍ ദു:ഖിക്കുന്നവരും മറ്റൊരു സൂര്യയില്‍ പെട്ട്പോയവരും (നിലനില്‍ക്കുന്ന ആരോപണങ്ങളാണേ) യുഡിഎഫ് പാളയത്തില്‍ ഇപ്പോഴും സുഭദ്രരാണ് എന്നത് സിന്ധുവിന്നു നേരിയ പ്രതീക്ഷ നല്കിയേക്കാം! കെ വി തോമസച്ചായനോടും ചാണ്ടിയമ്മാവനോടും നേരിട്ടേറ്റുമുട്ടി തോറ്റത് പുള്ളിക്കാരി അനുഗ്രഹമായും കരുതുന്നുണ്ടാവണം. വിപ്ലവത്തിന്റെ മുന്‍നിര പോരാളികളുടെ വിവരത്തിന്റെ ആഴം എത്രയെന്നു മലയാളിയെ പഠിപ്പിക്കാന്‍ പോസ്റ്റ്‌ വിപ്ലവഹൌസിലൂടെ സാധിച്ചു എന്ന് സിന്ധുവിന്നു അഭിമാനിക്കുകയും ചെയ്യാം!!!

മറ്റൊരു മാന്യ (കരുതുന്നു) ദേഹം സന്തോഷ്‌ പണ്ഡിറ്റ്. അഞ്ചു ലക്ഷം രൂപ കൊണ്ട് മൂന്നുമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന പടം പിടിച്ച് ഹോളി-ബോളിവുഡിനേക്കാള്‍ മികച്ചതെന്നു സ്വയം ആശ്വസിക്കുന്ന പുള്ളിയുടെ കാര്യം പറയണോ. ശുക്കൂറിനെ പറ്റിപ്പറഞ്ഞത്‌ പോലെ താനൊരു വല്ലാത്ത സംഭവമാ എന്നാണു വിചാരം. കൃഷ്ണനും രാധയും കണ്ട പ്രേക്ഷകരില്‍ നിന്നും ചെരിപ്പേറ് കിട്ടേണ്ടിടത്ത് കിട്ടേണ്ടത് പോലെ കിട്ടാത്തത് കൊണ്ടാണോ എന്നൊരു സംശയം. സന്തോഷ്‌ പണ്ഡിറ്റിന്നു മുമ്പ്‌ വരെ പണ്ഡിറ്റ്ജി എന്ന് കേള്‍ക്കുമ്പോള്‍ മലയാളി ഓര്‍ത്തിരുന്നത്, കുട്ടികളോടും മാതൃരാജ്യത്തോടും ആദരവും സ്നേഹവും വെച്ച് പുലര്‍ത്തിയ ഒരു വലിയ മനുഷ്യനെയായിരുന്നു.

ശബരിമല തന്ത്രിക്കും കുടുംബത്തിന്നും സ്ത്രീസംസര്‍ഗ്ഗം പറ്റുമെന്നാണ്  ഈയുള്ളവന്റെ അറിവ്‌. ആര്‍ഷഭാരതം, ഭാരത ദര്‍ശനം, തത്വചിന്ത, എന്നൊക്കെയുള്ള ചില പദാവലികള്‍ ഒരു കാലത്ത്‌ രാഹുല്‍ ഈശ്വര്‍ മലയാളി ചാനല്‍ ചര്‍ച്ചകളില്‍ വിളമ്പിയിരുന്നു. ഒരു കാലം എന്നാല്‍ അത് മറ്റൊന്നുമല്ല. മലയാളത്തിന്‍റെ സുപ്രഭാതവും വീരഭൂമിയുമൊക്കെ ഒരു സമുദായത്തിനെതിരെ ലൌ ജിഹാദു എന്നപേരില്‍ കള്ളക്കണക്കുകള്‍ തയാറാക്കി വെണ്ടയ്ക്ക അക്ഷരങ്ങളുടെ അച്ച് നിരത്തിയതിന്നു കേരളം സാക്ഷിയായ കാലം. ചാനല്‍ പ്രതികരണത്തൊഴിലാളിയായി നടേ സൂചിപ്പിച്ച പത്രങ്ങളുടെ അതേ മനോഭാവം കാത്തു സൂക്ഷിക്കുന്ന ചില ചാനലുകളില്‍ സുരേന്ദ്രന്‍, രമേശ്‌ എന്നീ സാംഘീ യുവരക്തങ്ങളെ കടത്തിവെട്ടുന്ന രീതിയില്‍ വാക്കുകള്‍ കൊണ്ട്‌ അമ്മാനമാടിയല്ലോ രാഹുല്‍. മലയാളി കാമഹൌസിലാകട്ടെ പെണ്ണുങ്ങളുമായിചേര്‍ന്ന് അശ്ലീലച്ചുവയുള്ള വാര്ത്താവായന അവതരിപ്പിച്ചുകൊണ്ടും പെണ്ണുങ്ങളുമായി ചില അനുഭവങ്ങള്‍ പങ്കിട്ടു കൊണ്ടുമാണ് എന്ന വ്യത്യാസം മാത്രം. വെറും മൂന്നാംകിട റിയാലിറ്റി ഷോയില്‍ പങ്കെടുക്കുമ്പോഴേക്കും പഠിച്ച പഴയ തത്വശാസ്ത്രങ്ങളൊക്കെ കായ്യൊഴിയാന്‍ എങ്ങിനെ ധൈര്യം വന്നു ഈ ഭാവിതന്ത്രിക്ക്? ശബരിമല തന്ത്രിപ്പട്ടം ഒരു കിട്ടാക്കനിയായി മാറും എന്ന് തീര്ച്ച. തന്ത്രിപ്പട്ടം ആഗ്രഹിച്ചു ശബരിമലയിലേക്ക് വന്നാല്‍ അതിന്റെ അയലത്ത് പോലും അടുപ്പിക്കാതെ ഭക്തജനങ്ങള്‍ അടിച്ചോടിക്കും എന്ന് ന്യായമായും കരുതാം. ആരോ പറയുന്നത് കേട്ടു, പ്രോഗ്രാം അവതാരക രേവതി ടിയാന് ഓന്ത് എന്ന നാമവിശേഷം കൊടുത്തെന്ന്. എങ്കില്‍ എന്തുകൊണ്ടും അര്‍ഹതപ്പെട്ടത് തന്നെ.

ശബരിമല തന്ത്രികുടുംബാംഗമെന്ന ചുളുവില്‍, ന്യൂനപക്ഷ വിരുദ്ധ വാര്‍ത്തകള്‍ ആത്മീയതയുടെ ചെലവില്‍ അടിച്ചേല്‍പ്പിക്കാന്‍ ചാനലുകള്‍ കണ്ടെത്തിയ 'ഇരയാണ്' രാഹുല്‍ എന്ന അഭിപ്രായം വളരെ ശരിയാണ്. കാരശ്ശേരി മാഷെയും ഹമീദ്‌ ചേന്ദമംഗല്ലൂരിനെയും ഒരു പരിധിവരെ പഴയ 'യൂത്ത്‌മോര്‍ച്ച' പ്രസിഡന്റിനെയും പോലെ തന്‍റെ ഡയലോഗുകള്‍ പൊട്ടത്തരങ്ങള്‍ തന്നെയാണെന്നു ഈ ചെറുപ്പക്കാരന് നന്നായി ബോധ്യമുണ്ട് എന്ന് കേള്‍ക്കുന്നവര്‍ക്ക് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. വിവരമുണ്ട് എന്നു നടിക്കുമ്പോഴും ഉന്നത സാംസ്ക്കാരിക ബോധം രാഹുലിന്നെ തൊട്ട് തീണ്ടിയിട്ടില്ല എന്ന ആരോപണത്തില്‍ കാമ്പുണ്ടെന്നു മലയാളി ഹൗസ്‌ കണ്ടാല്‍ മനസ്സിലാകും.

സിനിമാനടന്‍ നാരായണന്‍കുട്ടിയെയും നര്‍ത്തകി ചിത്ര അയ്യരെയും നീനാകുറുപ്പിനെയും അങ്ങ് വിട്ടേക്ക്. പിന്നെ ചില ചോദിക്കാന്‍ ആളില്ലാത്ത കുറച്ച് പെണ്ണുങ്ങളും. തൊണ്ണൂറു ദിവസത്തേക്ക്  വീട്ടില്‍ നിന്നും ഇറങ്ങിപ്പോരുമ്പോള്‍ അച്ഛനും അമ്മക്കും പരിഭവമില്ലെങ്കില്‍ പിന്നെ നമ്മള്‍ക്കെന്ത്? എവിടെയാണ് മോളേ പോകുന്നതെന്ന ഒരൊറ്റ ചോദ്യമെങ്കിലും അമ്മയോ അച്ചനോ ചോദിച്ചിട്ടുണ്ടാവുമോ ആവോ?

ഈ ഹൌസില്‍ ചാന്‍സ് കിട്ടാതെ പോയ ചിലപേരുകളുണ്ട്. മലയാളികളുടെ അപമാനമായ അഹങ്കാരത്രയങ്ങള്‍. അഹങ്കാരത്തിനു കയ്യും കാലും വെച്ചാല്‍ എങ്ങിനെയുണ്ടാവും എന്ന് കാണിച്ചുകൊടുക്കാന്‍ പറ്റിയ മുന്തിയ ഇനം മലയാളികള്‍!. ആദ്യമാര്‍ക്ക് ശ്രീശാന്തിനാണ്. മലയാളി ഹൗസ് ഇങ്ങിവിടെ കേരളത്തില്‍ തിമര്ത്താടുമ്പോള്‍ തന്‍റെ പല കാമുകിമാരുടെയും പ്രസാദസമ്പാദനത്തിന്ന് സാംസങ്ങിന്റെയോ നോക്കിയയുടെയോ മുന്തിയ തരം മൊബൈലിന്നായി ദല്‍ഹി മുംബായ് തെരുവുകളില്‍ ചുറ്റിക്കറങ്ങുകയായിരുന്നു നമ്മുടെ ശ്രീ. അത് മാത്രമല്ല വാതുവെപ്പികരാറിനെ കുറിച്ച ചര്‍ച്ചയിലും തിരിച്ചറിയാനുള്ള വെള്ള ടവ്വല്‍ അരയില്‍ തിരുകുന്നപരിശീലനത്തിലുമായിരിക്കാം. രഞ്ജിനി ഹരിദാസിനാണ് രണ്ടാമത്തെ മാര്‍ക്ക്. ക്യു പാലിക്കാതെ എങ്ങിനെ മറ്റുള്ളവരെ പറ്റിച്ചു മുമ്പില്‍ എത്താം എന്ന ഗവേഷണത്തിലുമായിരിക്കാം. ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്കുള്ള തയ്യാറെടുപ്പിനായുള്ള പരിശീലനത്തിലായിരിക്കാം മൂന്നാമത്തെ മാന്യ ദേഹം പൃഥ്വിരാജ്.

കാമറകണ്ണുകളും ക്യാമറാമാനും സംവിധായകനും പിന്നെമറ്റുള്ളവരും കാണത്തക്കവിധം യാതൊരുളപ്പുമില്ലാതെ ചില്ലികാശിന്നുവേണ്ടി പ്രസവത്തെ ലൈവാക്കി വള്ളത്തോള്‍ കുടുംബത്തെ പറയിപ്പിച്ച മരുമകളും കൂടിയുണ്ടായിരുന്നെങ്കില്‍ മലയാളി ഹൗസ്‌ അടിച്ചു പൊളിയായിരുന്നു എന്ന് കരുതുന്നവരുണ്ട്. കുഞ്ഞിന്നു മുലപ്പാല്‍ കൊടുക്കേണ്ടിവരുന്നു എന്ന ഒറ്റക്കാരണത്താലായിരിക്കാം നിര്‍ഭാഗ്യവതിയായത് എന്നതല്ലേ ശരി

മലയാളികളുടെ ഹൌസെന്നാല്‍ ഇങ്ങിനെയുള്ള കൂതറ ഹൌസാണെന്ന് മലയാളികളല്ലാത്തവര്‍ ധരിച്ചു പോകരുത്. കേരളജനത മതജാതി വ്യത്യാസമന്യേ കാത്തു സൂക്ഷിച്ചിരുന്ന ചില മൂല്യങ്ങളും സംസ്ക്കാരങ്ങളുമൊക്കെയുണ്ടായിരുന്നു. പോറലേല്‍ക്കാതെ കാത്തു സൂക്ഷിക്കപ്പെടുന്ന ബന്ധങ്ങളും മാന്യമായ ചില പെരുമാറ്റമര്യാദകളും ആ വീടുകളെ സമ്പന്നമാക്കുന്നു. വീടിന്റെ അകത്തളങ്ങളില്‍ തുടങ്ങി സമൂഹത്തിന്റെ ഉന്നതസ്ഥാനത്ത് വരെ പ്രകടമായിരുന്നു അത്. അതാണ്‌ കേരളീയനെ ഉന്നതനും മാന്യനുമാക്കിയത്. ഇത് കൊണ്ടേയിരിക്കാം ആരോ പാടിയത് ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം. കേരളമെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിലെന്ന്.

മലയാളി ഹൌസില്‍ നടക്കുന്ന പലതും സിനിമകളില്‍ കാണുന്നത് തന്നെയല്ലേ എന്നു ചോദിക്കുന്നവരോട് പറയാനുള്ളത്. സൂര്യയുടെ അവകാശവാദംപോലെ റിയാലിറ്റിയൊന്നുമല്ലല്ലോ സിനിമകളിലും സീരിയലുകളിലും കാണുന്നത്. റിയലായാലും അല്ലെങ്കിലും ആരാണ് ഇതിനെ തിന്മയായും മോശമായും കണക്കാക്കാത്തത്? വിനോദവും തമാശയുമാണ് മലയാളി ഹൌസിന്റെ ഉദ്ദേശമെന്ന് പുലമ്പുന്ന ചില ഞരമ്പ് രോഗികളോട് മലയാളിക്ക് പറയാനുള്ളത് ഇതാണ്;- ധാര്‍മ്മികതയും ജീവിത വിശുദ്ധിയും കാത്തു സൂക്ഷിക്കുന്ന യഥാര്‍ത്ഥ മലയാളി ഹൌസുകളില്‍ നിന്നും സൂര്യയെയും അതേ നിലവാരത്തിലെത്താന്‍ പാടുപെടുന്ന മറ്റു ചാനലുകളെയും റിസീവറില്‍ തന്നെ പൂട്ടിയിടാന്‍ മലയാളിയെ നിര്‍ബന്ധിക്കരുതെന്നാണ്. ദയവു ചെയ്തു മലയാളിയുടെ ഉന്നത ജീവിത സംസ്കാരത്തിന്റെ കടയ്കല്‍ കത്തി വെക്കുന്ന പരിപാടികള്‍ നിര്‍ത്തിവെക്കുക. സമൂഹത്തില്‍ ഉന്നതരെന്ന്(സ്വയം)കരുതുന്നവരെയും അല്ലാത്തവരെയും എന്ത് കോപ്രായവും കാട്ടിക്കൂട്ടാന്‍ സ്വതന്ത്രമായി വിടുകയും എന്നിട്ട് മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആരും ഇതുവരെ കാണാത്ത മഹാസംഭവമെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന ഈ തേങ്ങാക്കൊല കണ്ട് വളരുന്ന ജനതയെ നോക്കി സ്വാമി വിവേകാനന്ദന്‍ ജീവിച്ചിരുന്നെങ്കില്‍ ഇതുകൂടി പറയുമായിരുന്നു:- കേരളം ഭ്രാന്താലയം മാത്രമല്ല, ചാനലുകള്‍ പണിപ്പെട്ടുണ്ടാക്കിയ കാമ ഭ്രാന്താലയം കൂടിയാണ്!

മാറഡോക്കിന്റെ നമ്മള്‍ തമ്മിലില്‍ നിന്നും ചാടിച്ചാടി സൂര്യാചാനലിലെത്തിയ ശ്രീകണ്ടന്‍ നായര്‍ മലയാളിപുരയില്‍ ഒരു ദിവസത്തേക്ക് അതിഥിയായെത്തിയെന്നു എവിടെയോ കണ്ടു. സിന്ധുവിന്നും രാഹുലിന്നും പ്രദീപങ്കിളിന്നും തലയുയര്‍ത്തി റോഡിലൂടെ അധികമൊന്നും നടക്കേണ്ടി വരില്ലെന്ന് അവരെ ധരിപ്പിച്ചെന്നാണ് പുതിയ വിവരം

മാന്യമായ വല്ല ജോലിയും ചെയ്തു ജീവിച്ചു കൂടെ നിങ്ങള്‍ക്ക് എന്നാണു മലയാളി ഹൌസിലെ അന്തേവാസികളോടു ഈയുള്ളവന്‍റെയും ഒരു അഭ്യര്‍ത്ഥന. സര്‍ക്കാരിന്റെ തൊഴിലുറപ്പ്പദ്ധതികളും ആശാ കുടുംബശ്രീ പദ്ധതികളും കേരളത്തിലങ്ങോളമിങ്ങോളം സജീവമായി പ്രവര്‍ത്തിച്ചുവരുന്നുമുണ്ട്. ഒരു കൈനോക്കാമായിരുന്നില്ലേ.

ഇവിടെ ആരും സദാചാര പോലീസ് ആകുന്നു എന്ന് ധരിക്കരുത്. സദാചാരം നടിച്ചു നടന്ന/നടക്കുന്ന ചിലരുടെ സദാചാരം പൊളിച്ചെഴുതുക എന്നൊരു ചെറിയ സാമൂഹിക ദൌത്യം നിര്‍വ്വഹിച്ചു എന്നു മാത്രം.

വാല്‍ക്കഷണം:- മലയാളി ഹൌസ് താരങ്ങളുടെ ജീവിതത്തിലേക്കുള്ള ഒളിഞ്ഞുനോട്ടമല്ലെന്ന് ഷോയുടെ അവതാരകയും നടിയുമായ രേവതി പറഞ്ഞതായി എവിടെയോ വായിച്ചു. മലയാളി ഹൌസില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും മത്സരത്തിന്റെ നിയമങ്ങളെ കുറിച്ചറിയാമെന്നും ക്യാമറകള്‍ എല്ലാം ഒപ്പിയെടുക്കുന്നുവെന്നും എല്ലാം സംസാരിച്ച ശേഷം പൂര്‍ണ്ണ സമ്മതത്തോടു കൂടി തന്നെയാണ് ഇവരെല്ലാം ഈ ഷോയില്‍ പങ്കെടുക്കാന്‍ തയ്യാറായതെന്നും അവതാരക രേവതി മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരമൊരു ഷോയിലേക്ക് ക്ഷണിച്ചാല്‍ പങ്കെടുക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഉടനെ ഒരു മറുപടി പറയാനാകില്ലെന്നാണ് രേവതി പ്രതികരിച്ചത്...... നോക്കണേ ഇവറ്റകളുടെ ഒരു കാര്യം!!


2 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2013 ജൂൺ 24, 1:50 PM-ന്

    malayali housil ninum g.s pradheepine purathakanam

    മറുപടിഇല്ലാതാക്കൂ
  2. ജീവിതത്തിലെ മൂല്യമേറിയ സമയം ഈ കൂതറ പരിപാടി കാണാനിരുന്ന തനിക്കു മാത്രമേ ഈ കൂതറയേക്കുറിച്ച് അവലോഗിക്കാന്‍ കഴിയു. മീഡിയാ വന്‍ ചാനലും ക്രമേണ ഇതിനേക്കാള്‍ തറ പരിപാടികള്‍ ഇനി ഇറക്കിവിടും. അതിനാല്‍ ചാരായ ഷാപ്പിലെ മൂല്യാധിഷ്ടിതയേപ്പറ്റി ചര്‍ച്ചചെയ്യുന്നതിന്നു മുന്‍പായി ഇത്തരം കഥ തിരക്കഥ സംവിധാനങ്ങള്‍ നമുക്കു ആവശ്യം ഉണ്ടോ എന്നു ചിന്തിക്കാനുള്ള സമയം ആസന്നമായിരിക്കുന്നു.... ചിന്തിക്കുക

    മറുപടിഇല്ലാതാക്കൂ