✍✍ സദഖത്തുല്ല വടകര
പ്രവാചകന്റെ ജീവിതത്തിലേക്ക്
കടന്ന് വന്ന മറ്റൊരു വിധവയായിരുന്നു ഉമ്മുഹബീബാ ബിൻതു അബീസുഫ്യാൻ(റ). റംലാ ബിൻതു അബീസുഫ്യാൻ
എന്നാണ് യഥാർത്ഥ പേര്. ആദ്യകാലത്തു ഇസ്ലാമിന്റെ ഏറ്റവും വലിയ പ്രതിയോഗിയായി അറിയപ്പെടുകയും പിന്നീട് പ്രവാചകന്റെ അവസാനകാലത്തു ഇസ്ലാമിലേക്ക് കടന്നു വരികയും ചെയ്ത അബൂസുഫ്യാൻ
എന്ന പേരിലറിയപ്പെടുന്ന സഖ്വർ ബിൻഹർബി(റ)ന്റെ മക്കളിൽ ഒരാളായിരുന്നു ഉമ്മുഹബീബ.
ആനക്കലഹസംഭവം കഴിഞ്ഞ് ഏകദേശം ഇരുപത്തിമൂന്ന് വർഷത്തിന്ന് ശേഷം ക്രിസ്താബ്ദം 589 ൽ മക്കയിലാണ് ഉമ്മുഹബീബയുടെ ജനനം. മാതാവ് സ്വഫിയാ
ബിൻത് അബിൽആസ്. ഉമ്മുഹബീബയുടെ പിതാവിന്റെയും മാതാവിന്റെയും കുടുംബ പരമ്പര അബ്ദുശ്ശംസിന്റെ
മകനായ ഉമയ്യ എന്ന പിതാമഹനിൽ എത്തിച്ചേരുന്നുണ്ട്. ഉമയ്യയുടെ പിതാമഹൻ ഖുസയ്യ് ബിൻകിലാബിന്റെ
പുത്രനായ അബ്ദുമനാഫായിരുന്നു. പ്രവാചകന്റെയും കുടുംബ പരമ്പര അബ്ദുമനാഫ് എന്ന ഒരു പിതാമഹനിൽ
എത്തിച്ചേരുന്നുണ്ട്. പിതാവിന്റെ പരമ്പരയിലൂടെയും മാതാവിന്റെ പാരമ്പരയിലൂടെയും അബ്ദുമനാഫ്
എന്ന പിതാമഹാനിലേക്ക് ഉമ്മുഹബീബ എത്തിച്ചേരുന്നത് കൊണ്ട് പത്നിമാരിൽ പ്രവാചകന്റെ ഏറ്റവും
അടുത്ത രണ്ടാമത്തെ കുടുംബക്കാരിയായിട്ടാണ് ഉമ്മുഹബീബ കണക്കാക്കപ്പെടുന്നത്. ഖദീജ ബിൻത് ഖുവൈലി(റ)ദാണ് പ്രവാചകന്റെ ആദ്യത്തെ അടുത്ത കുടുംബക്കാരി. മറ്റൊരു ഭാര്യയായ
സൈനബ് ബിൻ ജഹ്ശ്(റ) പ്രവാചകന്റെ കുടുംബ പരമ്പരയിൽ സമ്മേളിക്കുന്നുണ്ടെങ്കിലും അത് മാതാവിന്റെ
കുടുംബപരമ്പര വഴിയാണ്.
മുആവിയ(റ), ഉത്ബ, അൻബസ, യസീദ്(റ), ഹൻദല, അസ്സ, ഉമ്മുൽ
ഹകം,
ഉമൈമ, അംറാ
തുടങ്ങിയവരാണ് ഉമ്മുഹബീബയുടെ സഹോദരങ്ങൾ. ഉമവീ ഭരണകൂടത്തിലെ ആദ്യഭരണാധികാരിയായ മുആവിയയും
യസീദും (നന്മനിറഞ്ഞ യസീദ് എന്നർത്ഥം വരുന്ന യസീദ് അൽ ഖൈർ എന്നറിയപ്പെടുന്ന സഹാബി.
അബൂബക്കറി(റ)ന്റെ കാലത്ത് ശാമിലേക്കു അയക്കപ്പെട്ട സൈനിക നായകരിൽ ഒരാളാണ്) ഇതിൽ പ്രശസ്തരാണ്.
ഉമ്മുഹബീബയുടെ പിതാവൊത്ത സഹോദരനാണ് മുആവിയ. മുആവിയയുടെ മാതാവ് അബൂസുഫ്യാന്റെ മറ്റൊരു
ഭാര്യയായ ഹിൻത്ബിൻത് ഉത്ബയായിരുന്നു.
ഉമ്മുഹബീബ ഇസ്ലാമിലേക്ക്
അന്ധകാര നിബിഢമായ വിശ്വാസ-സാമൂഹിക
പരിതസ്ഥിതിയിയെ മാറ്റിപ്പണിയാൻ ഹിറാഗുഹയിൽ നിന്ന് ലഭിച്ച ദൈവിക വെളുപാടുകമായി സത്യസന്ധനും
വിശ്വസ്തനുമായി മക്കയിലറിയപ്പെട്ട മക്കക്കാരൻ തന്നെയായ മുഹമ്മദ്(സ) ദൈവിക പ്രബോധനത്തിന്ന്
തുടക്കംകുറിച്ച കാലം. മക്കക്കാർക്കു അന്നുവരെ പരിചിതമല്ലാത്ത ആ പുതിയ ആദർശത്തിലേക്ക്
പതിയെപതിയെ ഓരോരുത്തരായി കടന്നു വരുന്നു.
ആ ആദർശ പ്രഖ്യാപനത്തിന്റെ അലയൊലികൾ
മക്കയിലെ ജഹ്ശ് കുടുംബത്തിന്റെ വീട്ടിലുമെത്തി. ജഹ്ശിന്റെ മകനായ ഉബൈദുല്ലയുമായി ഉമ്മുഹബീബയുടെ
വിവാഹം കഴിഞ്ഞിട്ട് അപ്പോഴേക്ക് മാസങ്ങൾ കഴിഞ്ഞിട്ടേയുള്ളൂ. പ്രവാചക പ്രബോധനം സത്യമാണെന്ന്
ബോധ്യപ്പെട്ട ആ കുടുംബത്തിലെ മിക്കവരും സത്യസന്ദേശസംഘത്തിലെ കണ്ണികളായി. ഉമ്മുഹബീബയും
ഭർത്താവ് ഉബൈദുല്ലയും ആ ആദർശത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
ഉമ്മുഹബീബയുടെ പിതാവ് മക്കയിലെ
തലയെടുപ്പുള്ള ഖുറൈശ് നേതാക്കളിൽ ഒരാളാണ്. അദ്ദേഹത്തിന്റെ കുടുംബം മക്കയിലെ പേരും പ്രശസ്തിയുമുള്ള
കുടുംബങ്ങളിൽ മുന്നിൽ നിൽക്കുന്ന കുടുംബമാണ്. അദ്ദേഹത്തിന്റെ കല്പനകളും നിർദേശങ്ങളും
തിരസ്കരിക്കാൻ മക്കയിലൊരാളും ധൈര്യപ്പെടുമായിരുന്നില്ല. മകളും ഭർത്താവും ഇസ്ലാം സ്വീകരിച്ചതിൽ
ആ പിതാവ് കോപാകുലനാവുകയും ഇരുവരെയും അതിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തുകയും
ചെയ്തു. സാഹചര്യം മുഴുവൻ പ്രതികൂലമായിരുന്നിട്ടും സത്യവിശ്വാസം സ്വീകരിച്ച ഇരുവരും
തങ്ങളുടെ ആദർശത്തിൽ ഉറച്ചു നിന്നു.
അബ്ദുൽ മുത്തലിബിന്റെ മകളായ
ഉമൈമ(റ)യുടെ മകനായിരുന്നു ഉമ്മുഹബീബയെ വിവാഹം ചെയ്തിരുന്ന ഉബൈദുല്ലാഹിബ്നു ജഹ്ശ്. അഥവാ
പ്രവാചകന്റെ മറ്റൊരു ഭാര്യയായ സൈനബ് ബിൻതു ജഹ്ശിന്റെ സഹോദരൻ. ആദ്യകാലത്തു തന്നെ ഇസ്ലാമിലേക്ക്
കടന്നു വന്ന അബ്ദുല്ലാഹിബ്നു ജഹ്ശും(റ), അബൂഅഹ്മദും(റ) ഉബൈദുല്ലയുടെ സഹോദരന്മാരാണ്. തുടക്കകാലത്ത് തന്നെ
ഇസ്ലാമിലേക്ക് കടന്നു വന്നവർ അറിയപ്പെടുന്നത്, ആദ്യഘട്ടത്തിൽ മുൻകടന്നവർ എന്നർത്ഥം വരുന്ന 'അസ്സാബിഖൂനൽ അവ്വലൂൻ' എന്ന പേരിലും.
ജാഹിലിയ്യാ കാലത്തെ ഹനീഫുകൾ
എന്നറിയപ്പെട്ടിരുന്ന ചുരുക്കം ചിലയാളുകളിൽ ഒരാളായിരുന്നു ഉബൈദുല്ലാഹ്. വറഖത്ത്ബിനു
നൗഫലും സൈദുബിൻ അംറും ഉസ്മാനുബിനു ഹുവാരിസും ഹനീഫുകളിൽ പ്രമുഖരാണ്. മക്കയിലെ ജനത അധാർമ്മികതകളിലും
ബഹുദൈവാരാധനകളിലും മുങ്ങിക്കുളിച്ചപ്പോൾ അതിൽ നിന്നെല്ലാം ഒഴിഞ്ഞ് നിൽക്കുകയും അതോടൊപ്പം
ആ സമൂഹത്തിന്റെ ദുരവസ്ഥയിൽ മനസ് വേദനിക്കുകയും ദുഃഖിക്കുകയും ചെയ്തവരാണ് ഹനീഫുകൾ. ഇബ്രാഹീമീ
പാരമ്പര്യത്തിന്റെ യഥാർത്ഥ വേരുകൾ തേടി അറേബ്യൻ ഭൂഖണ്ഡങ്ങളിൽ ഇവരൊക്കെ ചുറ്റിക്കറങ്ങി.
ഇതിന്റെ ഭാഗമായി ഉബൈദുല്ല ക്രൈസ്തവ മതത്തെ കുറിച്ച് മനസ്സിലാക്കുകയും അതിന്റെ ആശയങ്ങളിൽ
ആകൃഷ്ടനാവുകയും ചെയ്തിരുന്നു. ആ സമയത്താണ് പ്രവാചകൻ ദൈവിക സന്ദേശങ്ങളുടെ പ്രബോധനവുമായി
രംഗത്ത് വരുന്നത്. ക്രൈസ്തവമതത്തിന്റെ ആശയങ്ങളുടെ പശ്ചാത്തലമുള്ള അദ്ദേഹത്തിന് പ്രവാചകനിൽ
നിന്നും ഇസ്ലാം കേട്ടറിഞ്ഞതിന്നു ശേഷം അത് സ്വീകരിക്കാൻ അശേഷം മടിച്ചു നിൽക്കേണ്ട
ആവശ്യം വന്നില്ല. ഉടൻ സത്യസാക്ഷ്യത്തിന്റെ വചനങ്ങൾ ചൊല്ലി സത്യദീനിൽ പ്രവേശിക്കുകയായിരുന്നു.
അബ്സീനിയയിലേക്കുള്ള പാലായനം
സത്യമതത്തിൽ വിശ്വസിച്ചവരൊക്കെ
മക്കയിൽ കൊടും പീഢനങ്ങൾക്കു ഇരയാക്കപ്പെടുന്ന കാലം. തങ്ങളനുഭിക്കുന്ന യാതനകളിൽ നിന്ന്
മോചനമായും തങ്ങളുടെ ആദർശവിശ്വാസ സംരക്ഷണാർത്ഥവും വിശ്വാസികളിൽ പലരും പ്രവാചക നിർദേശത്തിനനുസരിച്ച്
എത്യോപ്യയെന്ന അബ്സീനിയയിലേക്ക് പലായനം ചെയ്യാൻ തയാറെടുത്തുകൊണ്ടിരിക്കുന്നു. ക്രൈസ്തവ
വിശ്വാസിയായ നജ്ജാശിയെന്ന അബ്സീനിയൻ ഭരണാധികാരിക്കു കീഴിൽ മുസ്ലിംകൾക്ക് തങ്ങളുടെ ആദർശമനുസരിച്ച്
ജീവിക്കാനും ആരാധനകളനുഷ്ഠിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ഉസ്മാൻ ബിൻഅഫ്ഫാ(റ)ന്റെ
നേതൃത്വത്തിലുള്ള ആദ്യസംഘം അവിടേക്കു കപ്പൽ കയറി.
ഇസ്ലാം പരിത്യജിക്കാൻ പിതാവിൽ
നിന്നും വീട്ടുകാരിൽ നിന്നുമുള്ള ശതമായ സമ്മർദ്ദം ഉമ്മുഹബീബ നേരിട്ടുകൊണ്ടിരിക്കുന്നു.
ഇസ്ലാം സ്വീകരിച്ച ഭർത്താവ് ഉബൈദുല്ലക്കൊപ്പം ഉമ്മുഹബീബയും അബ്സീനിയയിലേക്കു പലായനം
ചെയ്യാൻ തീരുമാനിക്കുന്നു. ജഅ്ഫർ ബിനുഅബീത്വാലിബിന്റെ നേതൃത്വത്തിലുള്ള രണ്ടാം അബ്സീനിയൻ
യാത്രാസംഘത്തോടൊപ്പം ഇരുവരും ചേർന്നു. ഉമ്മുഹബീബയാണെങ്കിൽ ഗർഭിണിയും.
സത്യമതത്തിന്റെ സംരക്ഷണത്തിന്ന്
വേണ്ടി,
ജനിച്ചു വളർന്ന നാടും വീടും വിട്ടേച്ചുകൊണ്ട് അവർ മക്കയിൽ നിന്നും
യാത്ര തിരിക്കുന്നു. നാളുകൾക്കകം അവരൊക്കെ കപ്പൽ മാർഗ്ഗം അബ്സീനിയിലെത്തിച്ചേർന്നു.
അബ്സീനിയയിലെത്തിയ ഉമ്മുഹബീബ ഒരു പെൺകുഞ്ഞിന് ജൻമം നൽകി. ആ കുഞ്ഞിന്ന് അവർ ഹബീബ എന്ന
പേരിട്ടു. ഹബീബയിലേക്ക് ചേർത്താണ് ഉമ്മുഹബീബ എന്ന പേരിൽ മഹതിയറിയപ്പെട്ടത്.
മറ്റൊരു പരീക്ഷണം
തന്റെ വിശ്വാസമനുസരിച്ചു ജീവിതം
മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതിനിടയിൽ ഉമ്മുഹബീബക്ക് മറ്റൊരു പരീക്ഷണവും കൂടി
അഭിമുഖീകരിക്കേണ്ടി വന്നു. നേരത്തെ തന്നെ ക്രൈസ്തവമതത്തെ കുറിച്ച ചില അറിവുകളുള്ളതിനാലും
അബ്സീനിയൻമണ്ണിലുടനീളം ക്രൈസ്തവമതത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും അതുമായി ബന്ധപ്പെട്ട
ചിഹ്നങ്ങളും നിലനിൽക്കുന്നതിനാലും ഭർത്താവ് ഉബൈദുല്ല അതിലേക്കു ആകൃഷ്ടനാവാൻ തുടങ്ങി.
ജാഹിലിയ്യാ കാലത്തു ക്രൈസ്തവതയെ കുറിച്ച് മനസ്സിലാക്കിയ അദ്ദേഹം പ്രവാചകന്റെ പ്രബോധനത്തിൽ
ആകൃഷ്ടനായവുകയും ഇസ്ലാം സ്വീകരിക്കുകയുമായിരുന്നല്ലോ. പതിയെ പതിയെ അദ്ദേഹം മുസ്ലിംകളുടെ
സദസ്സുകൾ വിട്ടു ക്രൈസ്തവരുടെ സദസ്സുകളിൽ പങ്കുചേരാൻ തുടങ്ങി. ക്രൈസ്തവ വിശ്വാസങ്ങൾ
സ്വീകരിക്കാനും തുടങ്ങി. കുരിശുമാലയണിഞ്ഞു.
മദ്യം സുലഭമായിരുന്ന അബ്സീനിയൻ മദ്യശാലകളിൽ സ്ഥിരം സന്ദർശകനായി. മദ്യച്ചഷകങ്ങളിൽ ജീവിത
സുഖം കണ്ടെത്തി. ഇസ്ലാം പാടെ കയ്യൊഴിക്കുകയും ക്രൈസ്തവ മതത്തിലേക്ക് ചേക്കേറുകയും
ചെയ്തു.
ഒരിക്കൽ മഹതി ഒരു സ്വപ്നം കാണുന്നു.
തന്റെ ഭർത്താവ് മുഷിഞ്ഞ വസ്ത്രം ധരിച്ചു കൊണ്ട് വൃത്തികെട്ട രൂപത്തിലും ഭാവത്തിലും
തന്നോട് സംസാരിക്കുന്നതായിട്ട്. സ്വപ്നദർശനത്തിന്റെ നാളുകൾക്കുശേഷം ഉബൈദുല്ല മഹതിയോടു
പറയുന്നു. ‘തന്റെ ജീവിത കാലത്ത് പലമതങ്ങളെയും
ഞാൻ കണ്ടിട്ടുണ്ട്. അതിൽ എനിക്ക് ഏറ്റവും നന്നായിത്തോന്നിയത് ക്രൈസ്തവമതമാണ്. ഇസ്ലാം
വന്നപ്പോൾ ഞാൻ ഇസ്ലാം സ്വീകരിക്കുകയായിരുന്നു. എന്നാൽ താൻ വീണ്ടും ക്രൈസ്തവതയിലേക്കു
തന്നെ മടങ്ങുകയാണ്’.
തന്റെ ഭർത്താവ് മതം മാറിയെങ്കിലും
ഭർത്താവ് പോകുന്ന വഴി തന്നെ എനിക്കും മതി എന്ന് തീരുമാനിക്കാതെ താൻ വിശ്വസിച്ചിരിക്കുന്ന
യഥാർത്ഥ ആദർശത്തിൽ ഉമ്മുഹബീബ അടിയുറച്ചു നിന്നു. ഭർത്താവിന്റെ വിശ്വാസം സ്വീകരിക്കാൻ
വിശ്വാസത്തിലടിയുറച്ച ഉമ്മുഹബീബയുടെ മനസ്സ് ഒരിക്കലും സന്നദ്ധമായിരുന്നില്ല. തന്റെ
ഭർത്താവ് തന്നെ ക്രൈസ്തവതയിലേക്കു ക്ഷണിക്കുമ്പോഴെല്ലാം സ്രഷ്ടാവിനെ ധിക്കരിച്ചുകൊണ്ട്
ഭർത്താവെന്നല്ല ഏതൊരു സൃഷ്ടിയെയും അനുസരിക്കാൻ മഹതി തയാറില്ലായിരുന്നു. ഭാര്യാഭർത്താക്കന്മാരിൽ
രണ്ടിലൊരാൾ മതപരിത്യാഗം നടത്തിയാൽ അപ്പോൾ തന്നെ അവിടെ വിവാഹ മോചനം നടക്കുമെന്നും മഹതിക്കറിയാമായിരുന്നു.
എന്നാൽ അവർ തന്റെ വിശ്വാസത്തിൽ ഉറച്ച് നിന്നു.
ഇസ്ലാം കയ്യൊഴിഞ്ഞ ഭർത്താവുമായി
ജീവിതം തുടരണോ അല്ലെങ്കിൽ വിവാഹമോചനവും അതിനെതുടർന്ന് വൈധവ്യവും വേണോ. ആലോചിച്ച് തീരുമാനമെടുക്കാൻ
ഉബൈദുല്ല സമയം കൊടുത്തു. അടിയുറച്ച ദൈവിക വിശ്വാസം കൈമുതലായുണ്ടായിരുന്ന മഹതി താൻ വിശ്വസിച്ച
ആദർശസംരക്ഷണത്തിന് വേണ്ടി ഭർത്താവിന്റെ പ്രലോഭനങ്ങൾക്കോ പ്രീതിക്കോ പ്രകോപനങ്ങൾക്കോ
തെല്ലും വഴങ്ങാതെ വിവാഹമോചനവും അതിനെ തുടർന്ന് വൈധവ്യവും സ്വീകരിക്കുകയായിരുന്നു.
സംരക്ഷകരായി ആരും തന്നെയില്ല
അബ്സീനിയയിൽ. കൂട്ടിന്ന് മകൾ ഹബീബ മാത്രം. പ്രയാസങ്ങൾക്കൊപ്പം എളുപ്പമുണ്ടാകുമെന്നും
അല്ലാഹുവിൽ ജീവിതം ഭരമേല്പിച്ചാൽ എല്ലാറ്റിനും അവൻ മതിയെന്നും എല്ലാ പ്രതിസന്ധി ഘട്ടങ്ങളിൽ
നിന്നും കുടുസ്സായ ജീവിത ചുറ്റുപാടുകളിൽ നിന്നും മോചനമുണ്ടാവുമെന്നും ക്ഷമയോടെയുള്ള
ജീവിതത്തിന്റെ പ്രതിഫലം സ്വർഗ്ഗമാണെന്നും മഹതി ഉറച്ചു വിശ്വസിച്ചു.
ഇനി സ്വന്തം നാട്ടിലേക്ക് തന്നെ
തിരിച്ചു പോയിട്ട് കാര്യമില്ല. വീട്ടുകാർ സ്വീകരിക്കില്ലെന്നുറപ്പ്. നേരത്തെ തന്നെ
വിശ്വാസം സ്വീകരിച്ചത് കാരണത്താൽ വീട്ടുകാരുടെ അവഗണനയും ശത്രുതയും ഏറ്റുവാങ്ങി വിശ്വാസിയായിരുന്ന
ആ ഭർത്താവിനൊപ്പം ഇറങ്ങിപ്പോന്നതാണ്. ആ ഭർത്താവ് ഇപ്പോൾ കൂടെയില്ല. താൻ ജനിച്ചു വളർന്ന
പിതാവിന്റെ നിയന്ത്രണത്തിലുള്ള ആ വീട് ഇപ്പോഴും ബഹുദൈവ വിശ്വാസത്തിന്റെയും ഇസ്ലാം
വിരോധത്തിന്റെയും ഇസ്ലാമിനെ തകർക്കാനുള്ള ഗൂഢാലോചനകളുടെയും കുതന്ത്രങ്ങളുടേയും കേന്ദ്രമാണ്.
ആ വീട്ടിലേക്കു തന്നെ മടങ്ങുകയോ? അവിടേക്കുപോയി
ഏകദൈവ നിഷേധത്തിന്റെയും ബഹുദൈവാരാധനയുടെയും തണലിൽ വീണ്ടും ജീവിക്കുകയോ? മഹതിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുന്നതായിരുന്നില്ല അതൊന്നും.
ഉബൈദുള്ളയുടെ കുടുംബമായ ജഹ്ശ്
കുടുംബത്തിലേക്ക് മടങ്ങിയിട്ടും കാര്യമില്ല. ആ കുടുംബത്തിലെ മിക്കവരും അബ്സീനിയയിലാണുള്ളത്.
ഇസ്ലാമിന്റെ ആദ്യകാലത്തു തന്നെ സത്യവിശ്വാസം കൈകൊണ്ട, 'അസ്സാബിഖൂനൽ അവ്വലൂന'യിൽ പെട്ടവരായിരുന്നല്ലോ ജഹ്ശ് കുടുംബക്കാർ.
അതിനാൽ തന്നെ തങ്ങളുടെ വിശ്വാസസംരക്ഷണത്തിന് വേണ്ടി ഉബൈദുള്ളയുടെ സഹോദരന്മാരായ അബ്ദുല്ലയും
അബൂഅഹ്മദുമടക്കമുള്ളവർ ഉബൈദുള്ള-ഉമ്മുഹബീബാ ദമ്പതികളോടൊപ്പം അബ്സീനിയിലേക്കു പാലായനം
ചെയ്തതു മുതൽ താമസിക്കാൻ ആരുമില്ലാത്തതിനാൽ ആ വീട് പൂട്ടിക്കിടപ്പാണ്. (സീറത്തു ഇബ്നിഹിശാം
പേജ് 216)
ഉമ്മുഹബീബയുടെ ഭർത്താവ് അബ്സീനിയയിൽ
വെച്ച് മതം മാറിയിട്ടുണ്ടെന്നും ഭാര്യയായ ഉമ്മുഹബീബ സത്യവിശ്വാസത്തിലടിയുറച്ച് നിന്നിട്ടുണ്ടെന്നും
അതിനാൽ തന്നെ ആ മഹതി നിസ്സഹായാവസ്ഥയിലാണെന്നുമുള്ള വിവരം മദീനയിലുള്ള പ്രവാചകൻ അറിഞ്ഞു.
മക്കയിലെ അന്നത്തെ പ്രമുഖ ഇസ്ലാമിന്റെ ശത്രുവിന്റെ മകളായി ജനിച്ച്, ആ കുടുംബത്തിലെ ഭൗതിക സുഖലോലുപതകളും തറവാടിത്ത മേൻമകളും സമൂഹത്തിലെ
ഉന്നതസ്ഥാനങ്ങളും വേണ്ടെന്ന് വെച്ച്, സത്യപ്രബോധനത്തിന്റെ ആദ്യനാളുകളിൽ തന്നെ അത് പുൽകുകയും പ്രതികൂലസാഹചര്യങ്ങളിൽ
പോലും പതറാതെ അതിൽ അടിയുറച്ചു നിൽക്കുകയും ചെയ്തതിന്റെ പേരിൽ അങ്ങകലെയുള്ള ഒരു നാട്ടിൽ
കൂട്ടിനാരുമില്ലാതെ ആ മഹതി പരീക്ഷിക്കപ്പെടുന്നത് പ്രവാചകന്ന് സഹിക്കാനായില്ല. അങ്ങിനെയാണ്
മഹതിയെ വിവാഹം ചെയ്തുകൊണ്ട് സംരക്ഷിക്കുന്നതിനെ കുറിച്ച് പ്രവാചകൻ ആലോചിക്കുന്നത്.
വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ തന്റെ അനുയായികളായ സത്യവിശ്വാസികൾ വിഷമിക്കുന്നത്
ആ പ്രവാചകന് അസഹ്യമായിരുന്നല്ലോ. അവരുടെ ജീവിത വിജയത്തില് അതീവ തല്പരനും അവരോട് ആ
പ്രവാചകൻ അലിവും കാരുണ്യവും കാണിക്കുന്നവനുമാണല്ലോ.
മക്കയിൽ പ്രവാചകന്റെ പ്രബോധന
പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയും പാലായനാനന്തരം സത്യവും അസത്യവും തമ്മിലേറ്റുമുട്ടിയ
യുദ്ധങ്ങളിലെല്ലാം എതിർപക്ഷത്തെ നയിക്കുകയും ഇസ്ലാമിനെ നശിപ്പിക്കാൻ തന്ത്രങ്ങളാവിഷ്കരിക്കുകയും
ചെയ്ത അബൂസുഫ്യാന്റെ മനസ് ഈ വിവാഹത്തിലൂടെ ഇസ്ലാമിനനുകൂലമാവുമെന്നും പ്രവാചകൻ കണക്കുകൂട്ടിയിരിക്കണം.
കൊല്ലങ്ങൾ ഒരുപാട് കഴിഞ്ഞുപോയി.
പ്രവാചകനും അനുയായികളും മദീനയിലേക്ക് പലായനം ചെയ്തെത്തിയിട്ട് ഏതാണ്ട് ഏഴ് വർഷത്തോളമായിട്ടുണ്ട്
ഇപ്പോൾ. ഈ സമയത്താണ് അയൽനാടുകളിലെ രാജാക്കൻമാരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള
കത്തുകളുമായി തന്റെ അനുയായികളെ പ്രവാചകൻ പറഞ്ഞയക്കുന്നത്. അബ്സീനിയയിലെ രാജാവിന്ന്
കൈമാറാനുള്ള കത്തുമായി അവിടേക്ക് പോയത് അംറുബ്നു ഉമയ്യ അള്വമരി എന്ന സഹാബിയായിരുന്നു.
ദീർഘനാളത്തെ യാത്രക്ക് ശേഷം പ്രവാചകന്റെ കത്തുമായി അംറുബ്നു ഉമയ്യ നജ്ജാശിയുടെ ദർബാറിലെത്തി.
പ്രവാചകനുമായുള്ള വിവാഹം നടക്കുന്നു
ഈ കത്ത് മക്കയിലെ മുഹമ്മദ് കൊടുത്തയച്ചതാണെന്നറിഞ്ഞ നജ്ജാശി കത്ത് കിട്ടിയയുടനെ ആദരസൂചകമായി എണീറ്റ്
നിന്ന് നമിക്കുകയും ഇരു കണ്ണുകൾക്കിടയിൽ വെക്കുകയും ചെയ്തു. തന്റെ വിശ്വാസം ഒന്നു കൂടെ
പ്രഖ്യാപിച്ചു. നേരത്തെ തന്നെ ജഅഫറുബ്നു അബീത്വാലിബിന്റെ ഉൽബോധത്തിലൂടെ നജ്ജാശിയുടെ
മനസ് ഇസ്ലാമിനധീനപ്പെട്ടിട്ടുണ്ടായിരുന്നു. (ജഅ്ഫറുബ്നു അബീത്വാലിബി(റ)ന്റെ ഉൽബോധനത്തോടെ
ഇസ്ലാം സ്വീകരിച്ച രാജാവും അംറുബ്നു ഉമയ്യയുടെ കത്ത് സ്വീകരിച്ച രാജാവും വ്യത്യസ്ത
രാജാക്കൻമാരാണെന്ന അഭിപ്രായവുമുണ്ട്)
ഉമ്മുഹബീബയുടെ ജീവിത സംരക്ഷണം
ഏറ്റെടുക്കുന്നു എന്ന വിവരം അറിയിച്ച് കൊണ്ടുള്ള മറ്റൊരു കത്തും അംറിന്റെ കൈവശമുണ്ടായിരുന്നു.
അതും അദ്ദേഹത്തിന് കൈമാറി. ഈ രണ്ട് കത്തുകളും രാജാവ് ഭദ്രമായി സൂക്ഷിക്കുകയും ചെയ്തു.
ഇതറിഞ്ഞ പ്രവാചകന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു. 'ഈ രണ്ട് കത്തുകളും അബ്സീനിയക്കാരുടെ പക്കൽ ഉണ്ടായിരിക്കുന്നേടത്തോളം
കാലം അവർ നൻമയിലായിരിക്കും'. കാലങ്ങൾക്ക്
ശേഷം നജ്ജാശി മരണപ്പെട്ടപ്പോൾ ആ വിവരം പ്രവാചകന്ന് ലഭിക്കുകയും മദീനയിൽ വെച്ച് അനുയായികൾക്കൊപ്പം
അദ്ദേഹത്തിന് വേണ്ടി ജനാസ നമസ്കാരം നിർവ്വഹിക്കുകയും ചെയ്യുകയുണ്ടായി.
മഹതിയുടെ സംരക്ഷണം ഏറ്റെടുക്കുന്നുവെന്ന
പ്രവാചകന്റെ സന്ദേശം അറിയിക്കാൻ നജ്ജാശി രാജാവ് തന്റെ ഭൃത്യയായ അബ്റഹത്തിനെ ഉമ്മുഹബീബയുടെ
താമസസ്ഥലത്തേക്ക് പറഞ്ഞയക്കുന്നു. ഉമ്മുഹബീബയോട് അബ്റഹത്ത് ഇപ്രകാരം പറയുന്നു. 'രാജാവ് താങ്കളോട് പറയുന്നു, അല്ലാഹുവിന്റെ ദൂതനായ മുഹമ്മദ് താങ്കളെ ഇണയാക്കി സംരക്ഷിക്കാമെന്ന
വിവരം രാജാവിനയച്ചിട്ടുണ്ട് എന്ന്'. ഇത് കേട്ടയുടനെ സന്തോഷിച്ച മഹതി താനണിഞ്ഞിരുന്ന രണ്ടു വളകളും
വിരലുകളിലണിഞ്ഞിരുന്ന മുഴുവൻ മോതിരങ്ങളും അബ്റഹത്തിന്നു നൽകി. ആരോരുമില്ലാതെ അന്യനാട്ടിൽ കഴിയുന്ന തന്റെ സംരക്ഷണം
ഏറ്റെടുത്ത് കൊണ്ട് തന്നെ വിവാഹം കഴിക്കാനുള്ള പ്രവാചകന്റെ തീരുമാനത്തിൽ മഹതി അങ്ങേയറ്റം
സന്തോഷിച്ചു. ഭാവിയിൽ പ്രവാചകനോടൊപ്പമുള്ള ജീവിതം ഹൃദ്യമായി കണ്ടു.
വിഷമാവസ്ഥയിൽ ജീവിതം തള്ളിനീക്കുമ്പോൾ
കുറച്ച് മുമ്പ് കണ്ടിരുന്ന സ്വപ്നം മഹതിയുടെ ഓർമ്മയിലേക്ക് തിരിച്ചെത്തി. തന്നെ ആരൊക്കെയോ
ഉമ്മുൽ മുഅ്മിനീൻ (വിശ്വാസികളുടെ മാതാവ്) എന്ന് വിളിക്കുന്നതായിരുന്നു അത്. ഉറങ്ങിയെണീറ്റപ്പോൾ
വെറും പൊയ്കിനാവായി അന്ന് തോന്നിയിരുന്ന ആ സ്വപ്നം ഇതാ യാഥാർത്ഥ്യമായി പുലരാൻ പോവുന്നു.
സ്വപ്ന ലോകത്തല്ല, യാഥാർത്ഥ്യ
ലോകത്ത് അത് സാക്ഷാൽകരിക്കപ്പെടാനും പ്രവാചകന്റെ പത്നീപദം അലങ്കരിച്ച് കൊണ്ട് അന്ത്യനാൾ
വരെയുള്ള വിശ്വാസി സമൂഹത്തിന്റെ മാതാവായും ജനങ്ങളൊക്കെ തന്നെ ഉമ്മുൽ മുഅ്മിനീൻ എന്ന്
വിളിക്കുന്നത് കേട്ട്കൊണ്ട് സൗഭാഗ്യവതിയായും ജീവിക്കാൻ പോകുന്നു. ആദർശമാർഗത്തിൽ തനിക്ക്
നഷ്ടപ്പെടുത്തേണ്ടി വന്ന ഉബൈദുല്ലക്ക് പകരം റസൂലുല്ല തന്റെ ജീവിതത്തിലേക്ക് തുണയായി
വരുന്നതിലും ആ റസൂലുല്ലയോടൊപ്പം ജീവിക്കുന്നതിലും
അവർ അഭിമാനം കൊണ്ടു. അബ്സീനിയിലേക്ക് പാലായനം ചെയ്തെത്തിയ മുഴുവൻ വിശ്വാസികളും തങ്ങളുടെ
മാതാവെന്ന രീതിയിൽ ഉമ്മുഹബീബയുടെ സംരക്ഷണത്തിനായി മുൻപന്തിയിലുണ്ടായിരുന്നു.
നജ്ജാശി തന്നെ ഈ വിവാഹത്തിന്ന്
വളരെയധികം പ്രാധാന്യം നൽകി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ
നടക്കുന്നു. വിവാഹദിനത്തിൽ ജഅ്ഫർ ഉൾപ്പെടെയുള്ള വിശ്വാസി സമൂഹത്തെ തന്നെ കൊട്ടാരത്തിലേക്ക്
വിളിക്കുകയും അവിടെ വെച്ച് നജ്ജാശി തന്നെ വിവാഹപ്രസംഗം നടത്തുകയും അതിലിപ്രകാരം പറയുകയും
ചെയ്തു.
'രാജാധിരാജനായ അല്ലാഹുവിന്
സ്തുതി! അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ അടിമയും
ദൂതനുമാണെന്നും മർയമിന്റെ പുത്രനായ ഈസാ പ്രവാചകനാൽ സന്തോഷവാർത്ത അറിയിക്കപ്പെട്ടവനാണെന്നും
ഞാൻ സാക്ഷ്യം വഹിക്കുന്നു. അബൂസുഫ്യാന്റെ മകളായ ഉമ്മുഹബീബയെ തനിക്ക് ഇണയാക്കിക്കൊടുക്കാൻ
ദൈവദൂതനായ മുഹമ്മദ് എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാനൂറ് ദീനാർ വിവാഹമൂല്യമായി നൽകുകയും
ചെയ്യുന്നുണ്ട്'. തുടർന്നദ്ദേഹം ആ ദീനാറുകൾ
ജനങ്ങൾക്കായി കാണിച്ചു കൊടുത്തു. പ്രവാചകന്ന് വേണ്ടി ഈ വിവാഹബന്ധം
സ്വീകരിച്ചത് ബനൂഉമയ്യാ ഗോത്രക്കാരൻ തന്നെയായ ഖാലിദ് ബ്നുസഈദ് ബ്നുൽആസ്വ് എന്ന സഹാബിയായിരുന്നു.
നജ്ജാശിയുടെ പ്രസംഗത്തിന് ശേഷം ഖാലിദ് ഇപ്രകാരം സംസാരിച്ചു.
'സർവ്വസ്തുതിയും അല്ലാഹുവിന്.
അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും
ഞാൻ സാക്ഷ്യം വഹിക്കുന്നു. അവനാണ് തന്റെ ദൂതനെ സന്മാര്ഗവും സത്യവ്യവസ്ഥയുമായി നിയോഗിച്ചത്.
അത് മറ്റെല്ലാ ജീവിത വ്യവസ്ഥകളെയും അതിജയിക്കാന്. ബഹുദൈവ വിശ്വാസികള്ക്ക് അതെത്ര
തന്നെ അനിഷ്ടകരമാണെങ്കിലും. ഉമ്മുഹബീബയെ പ്രവാചകനു ഇണയാക്കപ്പെട്ടത് സ്വീകരിക്കാൻ എന്നോട്
പ്രവാചകൻ ആവശ്യപ്പെട്ടതിന്ന് ഞാൻ ഉത്തരം നൽകുകയാണ്. അല്ലാഹു അവന്റെ ദൂതനെ അനുഗ്രഹിക്കട്ടെ'.
ഇതോടെ വിവാഹ ഉടമ്പടി കഴിഞ്ഞു.
രാജാവ് നൽകിയ ദീനാറുകൾ ഖാലിദ് സ്വീകരിച്ചു. അവരെല്ലാം എഴുന്നേൽക്കാൻ തയാറെടുത്തപ്പോൾ
രാജാവ് പറഞ്ഞു. 'നിങ്ങളൊക്കെ
അവിടെ തന്നെയിരിക്കൂ. വിവാഹാനന്തരം വിവാഹസദ്യ ഭക്ഷിക്കുന്നത് പ്രവാചകൻമാരുടെ ചര്യയിൽ
പെട്ടതാണ്'. ഭക്ഷണത്തിന്ന് ശേഷം അവരൊക്കെ
പിരിഞ്ഞുപോയി. (അൽബിദായ വന്നിഹായ - ഇബ്നുകസീർ വാള്യം 4 പേജ് 144)
വിവാഹസമയത്ത് മഹതി അബ്സീനിയയിലായിരുന്നതിനാൽ
ഏറ്റവും ദൂരത്തു നിന്നും പ്രവാചകൻ വിവാഹം ചെയ്ത ഭാര്യ എന്നനിലയിൽ പരിഗണിക്കപ്പെടുന്നത്
ഉമ്മുഹബീബയെന്ന ഈ മഹതിയെയാണ്.
നജ്ജാശി ഉമ്മുഹബീബക്ക് ആ വിവാഹ
മൂല്യം എത്തിച്ചുകൊടുത്തു. നാലായിരം ദിർഹമിന്ന് തുല്യമായ നാനൂറ് ദീനാറെന്ന ആ വിവാഹമൂല്യം, പ്രവാചകന്റെ ഭാര്യമാർക്ക് നൽകപ്പെട്ടതിൽ വെച്ച് ഏറ്റവും ഉയർന്ന
വിവാഹമൂല്യമാണ്. മറ്റ് ഭാര്യമാർക്കെല്ലാം ലഭിച്ച വിവാഹമൂല്യം നാനൂറ് ദിർഹമായിരുന്നു. വിവാഹത്തോടനുബന്ധിച്ച് നജ്ജാശി
തന്നെ മുൻകൈയെടുത്ത് സദ്യയും സംഘടിപ്പിച്ചു. ഇതിനായി തന്റെ കൊട്ടാരത്തിൽ ഹിജ്റ ചെയ്തെത്തിയ
മുസ്ലിംകളൊക്കെ ഒരുമിച്ചു കൂടി. ആ നാട്ടുകാരിലധികം പേരും ഈ സദ്യയിൽ പങ്കുകൊണ്ടു.
വിവാഹമൂല്യവുമായി നജ്ജാശി ചില
സ്ത്രീകളെ ഉമ്മുഹബീബയുടെ അടുക്കലേക്കയച്ചു. ഒപ്പം വിലപിടിപ്പുള്ള സമ്മാനങ്ങളുമായി അബ്റഹത്തും
കൂടെയുണ്ടായിരുന്നു. തനിക്ക് ലഭിക്കപ്പെട്ട വിവാഹമൂല്യത്തിൽ നിന്നും അമ്പത് ദീനാർ അബ്റഹത്തിന്ന്
തന്നെ തിരിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു: തരാൻ ആഗ്രഹിച്ചതൊക്കെ അന്ന് ഞാൻ തന്നു. മറ്റൊന്നും
തന്നെ തരാനായിട്ട് ഇന്ന് എന്റെ കയ്യിലില്ല. ഇത് കൊണ്ട് തൃപ്തിപ്പെടുമെന്ന് ഞാൻ വിചാരിക്കുന്നു'.
ഉമ്മുഹബീബയുടെ പ്രയാസങ്ങളറിഞ്ഞ
അബ്റഹത്ത് പ്രസ്തുത ദീനാർ വാങ്ങാൻ വിസമ്മതിച്ചു. എന്നിട്ട് പറഞ്ഞു. 'താങ്കൾക്ക് ബുദ്ധിമുട്ട് വരാതെ നോക്കാനും പ്രയാസങ്ങൾ വരുത്താതിരിക്കാനും
രാജാവിന്റെ നിർദ്ദേശമുണ്ട്. താങ്കൾക്ക് വസ്ത്രങ്ങളടക്കമുള്ള അവശ്യസാധനങ്ങൾ എത്തിക്കേണ്ട
ചുമതല എനിക്കാണുള്ളത്. ഞാൻ മുഹമ്മദിന്റെ മതം പിന്തുടർന്നിരിക്കുന്നു. അല്ലാഹുവിന്ന്
ഞാൻ കീഴ്പെട്ടിരിക്കുന്നു. താങ്കൾക്ക് തരാൻ
രാജാവ് ഏൽപ്പിച്ച ഈ സമ്മാനങ്ങളും സ്വീകരിക്കുക’. അബ്റഹത്തിൽ നിന്നുള്ള സമ്മാനങ്ങൾ മഹതി സ്വീകരിച്ചു. പ്രവാചകന്റെ
അടുത്തെത്തിയാൽ ഞാനിതൊക്കെ പ്രവാചകന് നൽകും എന്നായിരുന്നു ഉമ്മുഹബീബയുടെ മറുപടി.
'പ്രവാചകന്റെ അടുത്തെത്തിയാൽ
എന്നിൽ നിന്നുള്ള സലാം താങ്കൾ പ്രവാചകനെയറിയിക്കണം. അദ്ദേഹം പ്രബോധനം ചെയ്യുന്ന സത്യമതം
ഞാൻ പുൽകിയിരിക്കുന്നു എന്നും അറിയിക്കണം’. അബ്റഹത്ത് വീണ്ടും ഉമ്മുഹബീബയോട്.
ഞാൻ മദീനയിലെത്തിയപ്പോൾ ഈ വിവാഹത്തെപ്പറ്റിയും
അതിൽ അബ്റഹത് നിർവഹിച്ച ഉത്തരവാദിത്വത്തെപറ്റിയും പ്രവാചകനോട് വിശദീകരിച്ചപ്പോൾ പ്രവാചകൻ
പുഞ്ചിരിച്ചുവെന്നും അബ്റഹത് പ്രവാചകനോട് സലാം പറഞ്ഞതായിട്ട് പ്രവാചകനെ അറിയിച്ചപ്പോൾ
അബ്റഹത്തിന്നു അല്ലാഹുവിന്റെ സമാധാനവും കാരുണ്യവും പുണ്യവും വർഷിക്കട്ടെ എന്ന് പ്രവാചകൻ
പ്രതിവചിച്ചുവെന്നും പിൽക്കാലത്തു ഉമ്മുഹബീബ അനുസ്മരിക്കുകയുണ്ടായി. (കിതാബ് ത്വബഖാത്ത്
അൽകബീർ - മുഹമ്മദ് ഇബ്നു സഅദ് - വാല്യം 10 പേജ് 96)
'അല്ലാഹു നിങ്ങള്ക്കും, ഇന്ന് നിങ്ങള് വിരോധം പുലര്ത്തുന്നവര്ക്കുമിടയില് ഒരിക്കല്
മൈത്രിയുണ്ടാക്കിക്കൂടെന്നില്ല. അല്ലാഹുവിന് അളവറ്റ കഴിവുണ്ട്. അവന് ഏറെ മാപ്പരുളുന്നവനും
ദയാപരനുമല്ലോ' എന്ന സൂറത്ത് മുംതഹിനയിലെ
ഏഴാമത്തെ ആയത്ത് ഉമ്മുഹബീബയുമായുള്ള പ്രവാചകന്റെ വിവാഹത്തെ സൂചിപ്പിച്ച് കൊണ്ടിറങ്ങിയതാണെന്ന്
ചില ഖുർആൻ വ്യാഖ്യാതക്കൾ വിശദീകരിക്കുന്നുണ്ട്. ഈ സൂക്തം അവതരിച്ച് ഏതാനും ആഴ്ചകള്
പിന്നിട്ടപ്പോഴേക്കും മക്ക വിമോചിപ്പിക്കപ്പെടുകയും മഹതിയുടെ പിതാവ് അബൂസുഫ്യാനക്കമുള്ള
ഖുറൈശികള് കൂട്ടംകൂട്ടമായി ഇസ്ലാമില് പ്രവേശിക്കുകയും ഖുര്ആന് നല്കിയ പ്രതീക്ഷ
സമ്പൂര്ണമായി പുലരുന്നത് മുസ്ലിംകള് നേരില് കാണുകയും ചെയ്തു.
മദീനയിലേക്ക് തിരിക്കുന്നു
പ്രവാചകത്വത്തിന്റെ നാലാം വർഷത്തിലായിരുന്നല്ലോ
വിശ്വാസികൾ അബ്സീനിയയിലേക്ക് പലായനം ചെയ്തിരുന്നത്. നജ്ജാശി മുഖാന്തിരം മഹതിയെ പ്രവാചകൻ
വിവാഹം കഴിക്കുന്നത് ഹിജ്റ ഏഴാം വർഷത്തിലും. ഇതിനിടയിൽ പതിനഞ്ചിലധികം സംവൽസരങ്ങൾ കഴിഞ്ഞു
പോയിട്ടുണ്ട്. തന്റെ പിതാവുൾപ്പെടുന്ന കുടുംബക്കാരെയും ജനിച്ചു വളർന്ന വിശുദ്ധമക്കാ
നാടിനെയും നാട്ടുകാരെയും കണ്ടിട്ട് അത്രതന്നെ വർഷം കഴിഞ്ഞിട്ടുണ്ട്. ഏതൊരു സത്യദർശനത്തിലാണോ
താൻ വിശ്വസിച്ചത് അതുമായി വന്ന, ഇപ്പോൾ
തന്റെ ഭർത്താവായിരിക്കുന്ന പ്രവാചകനേയും കണ്ടിട്ട് പതിനഞ്ചാണ്ടുകൾ കഴിഞ്ഞു. അതിനിടയിൽ
മക്കയിൽ വെച്ച് വിശ്വാസികൾ ശിഅബ് അബീത്വാലിബിൽ ഉപരോധിക്കപ്പെട്ടിട്ടുണ്ട്. ആ പ്രവാചകന്റെ
വീടുവളഞ്ഞു കൊണ്ട് അദ്ദേഹത്തെ കൊന്നുകളയാൻ
വേണ്ടിതന്നെ അവർ തീരുമാനിച്ചിട്ടുണ്ട്. വിശ്വാസ സംരക്ഷണത്തിനായി വിശ്വാസികൾ മദീനയിലേക്കും
പാലായനം ചെയ്തിട്ടുണ്ട്. ബദ്റും ഉഹ്ദും ഖൻദഖും ബനുൽ മുസ്തലഖും ഹുദൈബിയാ സന്ധിയുമൊക്കെ
കഴിഞ്ഞു പോയിട്ടുണ്ട്. ഉമ്മുഹബീബ അബ്സീനിയയിലേക്ക് തിരിക്കുമ്പോൾ പ്രവാചകന്ന് ഭാര്യയായിട്ട്
ഖദീജ മാത്രമാണുണ്ടായിരുന്നതെങ്കിൽ അവരുടെ മരണശേഷം ഇപ്പോൾ വ്യത്യസ്ത ഗോത്രങ്ങളിൽ നിന്നും
വ്യത്യസ്ത സാഹചര്യങ്ങളിൽ ആറോളം സ്ത്രീകൾ പ്രവാചകന്റെ ഭാര്യമാരായിട്ട് വന്നെത്തിയിട്ടുണ്ട്.
തന്റെ പിതാവായ അബൂസുഫ്യാൻ ഇസ്ലാമിനോട് അന്നേ കാണിച്ചു തുടങ്ങിയ പകയും ശത്രുതയും ഇപ്പോഴും
തുടർന്ന് കൊണ്ടിരിക്കുന്നുണ്ട്....
പ്രവാചക സംരക്ഷണത്തിലേക്കെത്താൻ
ഉമ്മുഹബീബ അബ്സീനിയയിൽ നിന്നും ഒരുക്കങ്ങൾ നടത്തുന്നു. അനാഥത്വത്തിന്റെ കയ്പേറിയ നോവുകളിൽ
നിന്ന് സനാഥത്വവും വൈധവ്യത്തിന്റെ ഒറ്റപ്പെടലുകളിൽ നിന്ന് മോചനവും കുടുസ്സായ ജീവിതപരിതസ്ഥിതിയിൽ
നിന്ന് വിശാലതയും ലഭിക്കാൻ പോവുന്നു. അടുത്ത ലക്ഷ്യം ജീവിതത്തിൽ താനിതുവരെ കാണാത്ത
മദീനയാണ്. വിശുദ്ധ റസൂലിനെയും അനുയായികളെയും ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചരിത്രത്തിലതുവരെ
യഥ്രിബ് എന്നപേരിലറിയപ്പെട്ട് പ്രവാചകന്റെ വരവോടെ മദീനത്തുർറസൂൽ എന്ന് നാമകരണചെയ്യപ്പെടുകയും
ചെയ്ത ആ മദീന.
ഉമ്മുഹബീബയോടൊപ്പം അവിടെ ബാക്കിയുണ്ടായിരുന്ന
മുസ്ലിംകളും ദീർഘകാലത്തെ പ്രയാസങ്ങളില്ലാത്ത ജീവിതവാസത്തിന് ശേഷം ആതിഥ്യം നൽകിയ അബ്സീനിയൻ
മണ്ണിനോട് യാത്രപറയുന്നു. തന്റെ ഭർത്താവായിത്തീർന്ന പ്രവാചകന് കൈമാറാൻ വിവാഹമൂല്യമായി
കിട്ടിയ നാനൂറ് ദീനാറും നജ്ജാശി സമ്മാനിച്ച വിലപിടിപ്പുള്ള മറ്റു പാരിതോഷികങ്ങളും മഹതിയോടൊപ്പമുണ്ട്.
വളർന്നു വലുതായ പൊന്നോമനമകൾ ഹബീബയും മഹതിയുടെ കൂടെയുണ്ട്.
നജ്ജാശിയുടെ നിർദ്ദേശമനുസരിച്ച്
രണ്ട് കപ്പലുകൾ മദീനയിലേക്കുള്ള മടക്കയാത്രക്കായി കടൽ തീരത്ത് തയാറായി നിൽപ്പുണ്ട്.
തന്റെ ഒരു പ്രതിനിധിയേയും കപ്പലിലെത്തുന്നത് വരെ മുസ്ലിംകളെ അനുഗമിക്കാൻ നജ്ജാശി ഏർപ്പാട്
ചെയ്തിരുന്നു. നജ്ജാശി അവരെ യാത്രയാക്കി. ജഅഫറുബ്നു അബീത്വാലിബിന്റെ നേതൃത്വത്തിൽ ദീർഘനാളത്തെ
കപ്പൽ യാത്രക്ക് ശേഷം അറേബ്യൻ തീരത്ത് കപ്പൽ നങ്കൂരമിട്ടു. അവിടെനിന്നും മദീന ലക്ഷ്യമാക്കി
അവരൊക്കെയും നീങ്ങി. തങ്ങളെ സത്യദർശനത്തിലേക്ക് വഴിതെളിച്ച പ്രവാചകപ്പൂങ്കവനെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും
ഒരിക്കൽകൂടി കാണാനും അവരോടൊപ്പം ജീവിതം തുടരാനും അവരോരുത്തർക്കും കൊതിയായി. ഖാലിദും
അംറും ഉമ്മുഹബീബയെ സുരക്ഷിതമായി മദീനയിലെത്തിച്ചു. ഒപ്പം മറ്റുള്ളവരും സുരക്ഷിതരായി
മദീനയിലെത്തി. മദീനക്കാർ സന്തോഷത്തോടെയും സ്നേഹത്തോടെയും അവരെ സ്വാഗതം ചെയ്യുകയും സ്വീകരിക്കുകയും
ചെയ്തു.
ഖൈബറിലെ ജൂതഗോത്രങ്ങളുടെ നിരന്തരമായ
ചതിയും കരാർ ലംഘനവും എന്നന്നേക്കും അവസാനിപ്പിക്കാൻ പ്രവാചകനും അനുയായികളും ഖൈബറിലെത്തി
വിജയം വരിച്ച സന്ദർഭത്തിലായിരുന്നു അവരുടെ മദീനാ പ്രവേശം. നാളുകൾക്കകം ഖൈബറിൽ നിന്നും
വിജയശ്രീലാളിതരായി പ്രവാചകനും അനുയായികളും മദീനയിലെത്തി. മദീനയിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം
ഇരട്ട സന്തോഷത്തിന്റെ നാളുകളായിരുന്നു അത്. ഒന്ന് ഖൈബർ വിജയവും മറ്റൊന്ന് അബ്സീനിയയിൽ
നിന്നുളള വിശ്വാസികളുടെ മടങ്ങി വരവും. യുദ്ധം കഴിഞ്ഞെത്തിയ പ്രവാചകനെയും അനുയായികളെയും
അബ്സീനിയയിൽ നിന്ന് വന്നവർ കണ്ടുമുട്ടുകയുണ്ടായി. തന്റെ പിതൃവ്യപുത്രനായ ജഅ്ഫറിനെ കണ്ടയുടനെ
പ്രവാചകൻ കെട്ടിപ്പിടിച്ച് മുത്തംകൊടുത്തുകൊണ്ടു ഇങ്ങനെ പറഞ്ഞു: 'ജഅ്ഫറേ, അബ്സീനിയയിൽ
നിന്നുള്ള നിങ്ങളുടെയൊക്കെ തിരിച്ചു വരവാണോ അതല്ല ഖൈബറിൽ വെച്ച് നേടിയ വിജയമാണോ എന്നെ
ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത് എന്നെനിക്കറിയില്ല'.
ഉമ്മുഹബീബയും പ്രവാചകനെ സന്തോഷത്തോടെ
കണ്ടുമുട്ടി. പ്രവാചകന്റെ വീട്ടിലേക്ക് പ്രവാചകന്റെ ജീവിതസഖിയായും വിശ്വാസികളുടെ മാതാവായും
അവർ പ്രവേശിച്ചു. കൂടെ മകൾ ഹബീബയും. ഉമ്മുഹബീബ പ്രവാചകന്റെ മറ്റു ഭാര്യമാരോടൊപ്പം ചേർന്നു.
തന്നെയും മകളെയും കയ്യൊഴിഞ്ഞു മതപരിത്യാഗം നടത്തിയ ആ പഴയ ഭർത്താവിനേക്കാൾ എത്രയോ നല്ല
ഒരു ഭർത്താവിനെ ഉമ്മുഹബീബക്കും സ്വന്തം പിതാവിനേക്കാൾ സ്നേഹവും ലാളനയും പകർന്നു നൽകുന്ന
പ്രവാചകനെന്ന പുതിയ വളർത്തുപിതാവിനെ ഹബീബക്കും കിട്ടി. പ്രവാചകന്റെ വിയോഗം വരെ പ്രവാചകന്റെ
സംരക്ഷണത്തിൽ തന്നെയാണ് ഹബീബ വളർന്നതും. ചരിത്രത്തിൽ റബീബത്തുന്നബിയുല്ലാഹ് (നബിയാൽ
വളർത്തപ്പെട്ടവൾ) എന്ന പേരിൽ ഹബീബ അറിയപ്പെടുന്നു. പിൽക്കാലത്തു ഹബീബയെ വിവാഹം ചെയ്തത്
ദാവൂദ് ബിൻഉർവ അസ്സഖഫി എന്നയാളാണ്.
ഇസ്ലാമിന്റെ ശത്രുവായ അബൂസുഫ്യാന്റെ
മകൾ ഉമ്മുഹബീബയെ പ്രവാചകൻ വിവാഹം ചെയ്ത് വിശ്വാസികളുടെ മാതാവ് എന്ന സ്ഥാനത്തേക്കുയർന്നതിന്റെ
ആദരവെന്നോണം ഉസ്മാനി(റ)ന്റെ നേതൃത്വത്തിൽ മദീനക്കാർക്ക് വേണ്ടി വിവാഹസദ്യ വിളമ്പി.
അബൂസുഫ്യാൻ ഇപ്പോഴും ഖുറൈശികളുടെ
നേതാവും അവിശ്വാസികളുടെ നായകനും തന്നെയാണ്. തന്റെ മകളെ പ്രവാചകൻ വിവാഹം കഴിച്ച് സംരക്ഷണം
നൽകിയെന്നറിഞ്ഞ അബൂസുഫ്യാന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. 'മുഹമ്മദ് ശ്രേഷ്ഠനായ മനുഷ്യനാണ്. ഒരിക്കലും തളളിക്കളയേണ്ടവനല്ല.
(കിതാബ് ത്വബഖാത്ത് അൽകബീർ - മുഹമ്മദ് ഇബ്നു
സഅദ് - വാല്യം 10 പേജ് 97)
അബൂസുഫ്യാൻ മകളെ സന്ദർശിക്കുന്നു
മുസ്ലിംകൾക്ക് നേരെയുള്ള ശത്രുക്കളുടെ
പകയും ശത്രുതയും ഹിജ്റയുടെ ഏഴാം വർഷമായിട്ടും കെട്ടടങ്ങിയിട്ടില്ല. ഹുദൈബിയാ സന്ധി
പ്രവാചകചരിത്രത്തിലെ പ്രമുഖമായ ഒരു ഉടമ്പടിയായിരുന്നു. ശത്രുക്കളുടെ ഭാഗത്ത് നിന്ന്
അതിന്നും ചുക്കാൻപിടിച്ചത് പിതാവ് അബൂസുഫ്യാനായിരുന്നു. പത്ത് വർഷത്തോളം അന്യോന്യം
അക്രമിക്കുകയില്ലെന്നും അക്രമത്തിന് പരസ്പരം കൂട്ടുനിൽക്കുകയില്ലെന്നും ഈ സന്ധിയിലെ
പ്രധാന വ്യവസ്ഥകളായിരുന്നു. എന്നാൽ മക്കക്കാർ ഈ കരാർ ലംഘിക്കുകയായിരുന്നു. മക്കക്കാരായ
ബനൂബക്കർ ഗോത്രം മദീനക്കാരായ ഖുസാഅ ഗോത്രത്തെ ആക്രമിച്ചപ്പോൾ മക്കയിലെ ഖുറൈശികളും ബനൂബക്കറിനെ
സഹായിച്ചു. ഹുദൈബിയാ സന്ധിയുടെ പരസ്യമായ ലംഘനമായിരുന്നു അത്. ഈ പരസ്യലംഘനത്തിന്റെ അനന്തരഫലമെന്തായിരിക്കുമെന്ന്
അബൂസുഫ്യാനറിയാമായിരുന്നു. പ്രവാചകനെ കണ്ട് ഇതിൽ മാപ്പുപറയാനും സന്ധിവ്യവസ്ഥകൾ അടുത്ത
കുറച്ചു വർഷത്തേക്ക് കൂടി നീട്ടിത്തരാൻ ആവശ്യപ്പെടാനുമായി മക്കക്കാരുടെ പ്രതിനിധിയായി
അബൂസുഫ്യാൻ മദീനയിലേക്ക് യാത്രതിരിക്കുന്നു.
ഇതിന്റെ ഭാഗമായാണ് കൊല്ലങ്ങളോളം
താൻ കാണാതിരുന്ന തന്റെ മകളെ കാണാൻ പ്രവാചകന്റെ വീട്ടിൽ എത്തിയത്. മകളുടെ മുറിയിൽ കയറി.
വിരിപ്പിൽ ഇരിക്കാൻ ശ്രമിച്ചു. ക്ഷമിക്കണം എന്റെ പിതാവേ എന്ന് പറഞ്ഞുകൊണ്ട് മകൾ പെട്ടെന്ന്
തന്നെ ആ വിരിപ്പ് മടക്കി വെച്ചു. അബൂസുഫ്യാൻ അമ്പരന്നു. 'മോളേ, നീ
വിരിപ്പില്നിന്ന് എന്നെ തടയാനാണോ എന്നില്നിന്നും വിരിപ്പിനെ തടയാനാണോ ഇങ്ങനെ ചെയ്തത്'? അബൂസുഫ്യാൻ മകളോട്.
'അതെ, ഇത് അല്ലാഹുവിന്റെ ദൂതന്റെ വിരിപ്പാണ്. താങ്കൾ ഇപ്പോഴും മലിനമായ
ബഹുദൈവവിശ്വാസിയാണ്. താങ്കളിലിതിലിരിക്കുന്നത് എനിക്കിഷ്ടമല്ല'. ഉമ്മുഹബീബയുടെ മറുപടി. ‘നിശ്ചയം നീ എന്നെ പിരിഞ്ഞശേഷം തീരെ മോശമായിരിക്കുന്നു’ എന്ന് പറഞ്ഞ് കൊണ്ട് അദ്ദേഹം മകളോട് കോപാകുലനായി. (സിയറു അഅലാമു ന്നുബുലാ- ഇമാം ദഹബി പേജ് 1699)
'എന്റെ ജീവിതത്തിൽ എനിക്ക്
നൻമകളാണ് നൽകപ്പെട്ടത്. വിശ്വാസം കൊണ്ട് എനിക്ക് സൻമാർഗം നൽകപ്പെട്ടു. ഇസ്ലാം കൊണ്ട്
എനിക്ക് അനുഗ്രഹവും നൽകപ്പെട്ടു. താങ്കളിപ്പോഴും ആരാധിക്കുന്നത് വല്ലതും കാണാനോ കേൾക്കാനോ
സാധിക്കാത്ത, ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത
കല്ലുകളെയാണ്. എന്റെ പിതാക്കൾ ആരാധിച്ചു വന്നതിന്റെ ഞാൻ മുമ്പേ ഉപേക്ഷിച്ചതാണ്. എന്നിട്ടാണ്
മുഹമ്മദ് കൊണ്ടുവന്ന സത്യമാർഗത്തെ ഞാൻ പിന്തുടർന്നത്.' എന്നായിരുന്നു പിതാവിന് മഹതി കൊടുത്ത മറുപടി. (അബൂസുഫ്യാൻ മകളുടെ
അടുത്ത് വന്നപ്പോൾ മകൾ വിരിപ്പു മടക്കിയ ഈ സംഭവം മിക്ക ഇസ്ലാമിക ചരിത്രഗ്രന്ഥങ്ങളിലും
രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ സംഭവം ഉദ്ധരിച്ച നിവേദകരെയും ഇതിന്റെ ഉള്ളടക്കത്തെയും
പഠനവിധേയമാക്കിയ പണ്ഡിതൻമാരിൽ മിക്കവരും ഈ
സംഭവം ദുർബലമാണെന്ന വാദം ഉന്നയിക്കുന്നുമുണ്ട്)
മകളുടെ താമസസ്ഥലത്തു നിന്നിറങ്ങിയ
അബൂസുഫ്യാൻ പിന്നീട് പ്രവാചകനെയും അബൂബക്റിനെയും ഉമറിനെയും ഉസ്മാനെയും അലിയെയും പ്രവാചകപുത്രി
ഫാത്തിമയെയും കണ്ടെങ്കിലും ആരും തന്നെ അബൂസുഫ്യാന്റെ ആവശ്യത്തിന് ചെവികൊടുത്തില്ല.
അദ്ദേഹത്തിന്ന് തിരിച്ചുപോവേണ്ടി വന്നു.
തിരിച്ചുപോയെങ്കിലും ആ പിതാവിന്റെ
സന്മാർഗത്തിന്നും ഇസ്ലാമാശ്ലേഷണത്തിനും വേണ്ടി ഉമ്മുഹബീബയുടെ മനസ്സ് വല്ലാതെ കൊതിച്ചു.
‘എല്ലാറ്റിനും കഴിവുള്ള നാഥാ എന്റെ പിതാവിനെ സന്മാർഗ്ഗത്തിലേക്കു
വഴിനടത്തണേ’യെന്നു ഓരോ നമസ്കാരശേഷവും
അവർ മനമുരുകി പ്രാർത്ഥിച്ചു. കാലമത്രയൊന്നും കഴിഞ്ഞില്ല. തന്റെ പിതാവിന്റെ സന്മാർഗത്തിന്നു
വേണ്ടിയുള്ള മകളുടെ തുടർച്ചയായ പ്രാർത്ഥനക്കു ഉത്തരം ലഭിക്കാൻ വൈകിയില്ല.
ഹിജ്റ എട്ടാം വർഷം. മക്കക്കാർ
ഹുദൈബിയാസന്ധി ലംഘിച്ചതറിഞ്ഞ പ്രവാചകൻ വലിയ ഒരു സൈന്യവുമായി മക്കയിലേക്ക് പുറപ്പെട്ടു.
യുദ്ധമോ ആക്രമണമോ കൂടാതെ, തങ്ങൾ പുറത്താക്കപ്പെട്ട
മക്കയെന്ന ഹറമിന്റെ നാട് ജയിച്ചടക്കാൻ തന്നെയായിരുന്നു അനുയായികൾക്കൊപ്പം പ്രവാചകന്റെ പുറപ്പാട്. മക്കയിലെത്തിയ പ്രവാചകനെയും
സംഘത്തെയും കണ്ട ഖുറൈശികൾ അമ്പരന്നു. അബൂസുഫ്യാൻ മുസ്ലിംകളുടെ സംരക്ഷണം തേടി. ആ രാത്രി
മുസ്ലിംകളോടൊപ്പം കഴിയേണ്ടി വന്ന അദ്ദേഹത്തിന്ന് പ്രവാചകന്റെ സ്ഥാനവും അനുയായികൾക്ക്
അദ്ദേഹത്തോടുള്ള സ്നേഹവും എത്രത്തോളമുണ്ടെന്ന് മനസിലായി. പിറ്റെ ദിവസം അബൂസുഫ്യാനെ
പ്രവാചകന്നു മുമ്പിൽ ഹാജരാക്കുകയും പ്രവാചകന്റെ കൈപിടിച്ച് അദ്ദേഹം സത്യമതം പുൽകുകയുമായിരുന്നു.
പിതാവ് സത്യവിശ്വാസം കൈകൊണ്ടിട്ടുണ്ടെന്നുള്ള സന്തോഷകരമായ ഈ വാർത്ത മകൾ ഉമ്മുഹബീബയെ
തേടിയെത്തിയപ്പോൾ മഹതിക്ക് എന്തെന്നില്ലാത്ത അഹ്ലാദം.
തന്റെ പിതാവിന് സന്മാർഗ്ഗദർശനം
നൽകിയ നാഥനെ സ്തുതിച്ചു കൊണ്ട് മഹതി നാഥന് സാഷ്ടാംഗം ചെയ്തു. സത്യവിശ്വാസിയായിത്തീർന്ന
പിതാവിനെ കാണാൻ കൊതിയാവുകയും വീണ്ടും കണ്ടുമുട്ടുകയും ചെയ്തു. അസത്യത്തിൽ നിന്നും സത്യത്തിലെത്തിയ
അബൂസുഫ്യാനെയും അദ്ദേഹത്തിന്റെ വീടിനെയും ആദരിച്ചു കൊണ്ട് പ്രവാചകൻ പറഞ്ഞു: 'മസ്ജിദുൽ ഹറമിൽ അഭയം തേടിയവർ നിർഭയരാണ്. സ്വന്തം വീടുകളിൽ അഭയം
തേടിയവരും നിർഭയരാണ്. അബൂസുഫ്യാന്റെ വീട്ടിൽ
പ്രവേശിച്ചവരും നിർഭയരാണ്'.
ഇസ്ലാം സ്വീകരിച്ച അബൂസുഫ്യാൻ
പ്രവാചകന്റെ അടുത്ത് വന്ന് മൂന്ന് ആവശ്യങ്ങൾ ഉന്നയിയിച്ചതായി ചരിത്രഗ്രന്ഥങ്ങളിൽ കാണാം.
‘മുസ്ലിംകളുമായി യുദ്ധം ചെയ്യാൻ വന്ന ശത്രുസൈന്യത്തിന്റെ നേതാവായി
ഞാൻ വന്നിരുന്നല്ലോ. ഇനി ശത്രുവിനെതിരെ പോരാടാൻ മുസ്ലിംകളുടെ സൈനിക നായകനാക്കണമെന്നായിരുന്നു
ഒന്നാമത്തെ ആവശ്യം. പ്രവാചകൻ അതംഗീകരിച്ചു കൊടുത്തു. തന്റെ മകൻ മുആവിയയെ പ്രവാചകന്റെ
വഹ്യ് എഴുത്തുകാരനാക്കണമെന്ന രണ്ടാമത്തെ ആവശ്യവും പ്രവാചകൻ അംഗീകരിച്ചു കൊടുത്തു.
എന്റെ അടുത്ത് അറബികളിൽ ഏറ്റവും നല്ലവളും സുന്ദരിയുമായ എന്റെ മകൾ ഉമ്മുഹബീബയെ താങ്കൾ
വിവാഹം ചെയ്യണം എന്നതായിരുന്നു മൂന്നാമത്തേത്’.
ഇതാണ് ആ ഹദീസ്. നേരത്തെ തന്നെ
പ്രവാചകനുമായുള്ള ഉമ്മുഹബീബയുടെ വിവാഹം കഴിഞ്ഞിരുന്ന സമയത്ത് അബൂസുഫ്യാൻ വിശ്വാസിയായിരുന്നില്ല.
ഒപ്പം അദ്ദേഹത്തിന്റെ അനുവാദത്തോടെയുമായിരുന്നില്ല. താനൊരു വിശ്വാസിയായിക്കൊണ്ട് തന്റെ
മകളെ വിവാഹം പ്രവാചകന് വിവാഹം ചെയ്ത് കൊടുക്കലാണ് അബൂസുഫ്യാൻ ഉദ്ദേശിച്ചതെന്ന് ചില
ചരിത്രപണ്ഡിതൻമാർ വിശദീകരിക്കുന്നു. താൻ ഇസ് ലാം സ്വീകരിച്ചതോടെ പ്രവാചകനുമായുള്ള തന്റെ
മകളുടെ വിവാഹബന്ധം ദുർബലപ്പെട്ടുപോകും എന്ന് അദ്ദേഹം വിശ്വസിച്ചതിനാലുമാണ് പ്രവാചകനോട്
ഇപ്രകാരം ആവശ്യപ്പെട്ടതെന്നും മറ്റുചില പണ്ഡിതർ വിശദീകരിക്കുന്നു. ഈ അഭിപ്രായങ്ങളൊക്കെ
ദുർബലമാണെന്നും അബൂസുഫ്യാന്റെ മറ്റൊരു മകളായ അസ്സയെയാണ് അബൂസുഫ്യാൻ ഉദ്ദേശിച്ചതെന്നും
ഹദീസ് ഉദ്ധരിച്ചയാൾക്ക് പേരിൽ സംശയം വന്നതാണെന്നും വിശദീകരിക്കപ്പെടുന്നുണ്ട് (അൽബിദായ
വന്നിഹായ വാള്യം 4 പേജ് 145). സഹോദരിയായ അസ്സയെയും കൂടി വിവാഹം ചെയ്യാൻ ഒരിക്കൽ ഉമ്മുഹബീബ
പ്രവാചകനോട് ആവശ്യപ്പെട്ടതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. സഹോദരിമാരെ ഒരുമിച്ചു വിവാഹം
ചെയ്യാൻ അനുവാദമില്ലതിനാൽ പ്രവാചകനത് നിരസിക്കുകയായിരുന്നു.
ഹിജ്റ ഒൻപതാം വർഷം ഒരു ദുഃഖവാർത്ത
മഹതിയെ തേടിയെത്തി. തങ്ങളെ സ്വന്തം നാട്ടിലേക്ക് സ്വീകരിച്ച് പത്തു പതിനഞ്ചു വർഷത്തോളം
തങ്ങൾക്ക് ജീവിത സംരക്ഷണമേകുകയും ആചാരാനുഷ്ഠാനങ്ങൾക്കു സർവ്വ സ്വാതന്ത്ര്യവും നൽകുകയും
തങ്ങൾ വിശ്വസിച്ചിരുന്ന അതേ ആദർശത്തിന്റെ തണലിൽ ജീവിക്കുകയും ചെയ്ത അബ്സീനിയയിലെ ഭരണാധികാരി
നജ്ജാശിയുടെ മരണമായിരുന്നു അത്. ജിബ്രീൽ വന്നു അദ്ദേഹം മരണപ്പെട്ട വർത്ത പ്രവാചകനെ
അറിയിക്കുകയും അദ്ദേഹത്തിന് വേണ്ടി നമസ്കരിക്കാൻ പ്രവാചകനോട് കല്പിക്കുകയുമായിരുന്നു.
ജന്നത്തുൽ ബഖീഇൽ വെച്ച് പ്രവാചകനും സഹാബികളും ജനാസനമസ്കാരം നിർവഹിക്കുകയുണ്ടായി.
ഈ മരണത്തിൽ മഹതി അങ്ങേയറ്റം
ദുഖിച്ചു. തങ്ങൾക്കു തീർത്തും അപരിചിതമായ ആ നാട്ടിലേക്ക് ഇരുകയ്യും നീട്ടി തങ്ങളെ സ്വീകരിച്ചതും
ആരാധനാ-അനുഷ്ഠാന സ്വാതന്ത്ര്യം നൽകിയതും പ്രവാചകനുമായുള്ള തന്റെ വിവാഹത്തിന് വേണ്ടി
ഒരുക്കങ്ങൾ നടത്തിയതും വിവാഹസദ്യ നടത്തിയതും അബ്റഹത്തിനെ തന്റെ അടുക്കലേക്ക് സമ്മാനങ്ങളുമായി
പറഞ്ഞയച്ചതും വിവാഹനന്തരം തന്നെയും അവശേഷിക്കുന്ന മുസ്ലിംകളെയും മദീനയിലേക്ക് യാത്രയാക്കിയതുമൊക്കെ
അവരുടെ മനസ്സിലേക്ക് തെളിഞ്ഞു വന്നു. അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിന് വേണ്ടി അവർ
പ്രാർത്ഥിക്കുകയും ചെയ്തു.
പ്രവാചകന്റെ വിയോഗാനന്തരം
പ്രവാചകൻ ഹജ്ജ് കർമ്മം നിർവ്വഹിക്കുമ്പോൾ
മറ്റു ഭാര്യമാരോടൊപ്പം ഉമ്മുഹബീബയും കൂടെയുണ്ടായിരുന്നു. പ്രവാചകൻ ഇഹലോകത്ത് നിന്നും
വിടവാങ്ങിയ ദിനത്തിൽ മദീന മുഴുവൻ ദുഃഖിച്ചപ്പോൾ പടച്ച തമ്പുരാൻ കഴിഞ്ഞാൽ തനിക്കേറ്റവും
പ്രിയപ്പെട്ട തന്റെ പ്രവാചകന്റെ വേർപാടിൽ അവർ വല്ലാതെ ദുഃഖിതയായിരുന്നു.
ശേഷമുള്ള ജീവിത കാലഘട്ടത്തിൽ
അല്ലാഹുവിന്റെ ഗ്രന്ഥം മുറുകെ പിടിച്ചും അതിന്റെ ആജ്ഞകൾ ജീവിതത്തിൽ പകർത്തിയും അവർ
ജീവിച്ചു. ജീവിതത്തിൽ ദൈവഭക്തിയും സൂക്ഷ്മതയും പരലോകബോധവും സദാ പുലർത്തിപ്പോന്നു. രാത്രികാലങ്ങളിൽ
എണീറ്റു നമസ്കരിക്കുകയും പകൽ സമയങ്ങളിൽ നോമ്പെടുക്കുകയും ചെയ്തു. തനിക്ക് കിട്ടിയ സമ്പത്തൊക്കെ
പാവങ്ങൾക്കും അഗതികൾക്കുമായി അവർ ദാനം ചെയ്തു.
മുആവിയയുടെ ഭരണകാലത്ത് അന്നത്തെ
ഇസ് ലാമിക ഭരണവ്യവസ്ഥയുടെ ആസ്ഥാനമായ ഡമസ്കസ് സന്ദർശിക്കുകയുണ്ടായി. മുആവിയ തന്റെ സഹോദരിയെ
എല്ലാവിധ സംരക്ഷണവും നൽകി അവിടേക്ക് ക്ഷണിക്കുകയായിരുന്നു. ഏതാനും നാളത്തെ താമസത്തിന്ന്
ശേഷം മദീനയിലേക്ക് തന്നെ മടങ്ങി.
മഹതിയിൽ നിന്നും അമ്പത്തിയാറ്
ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുആവിയ, അൻബസ, ഉർവ്വതുബിനു
സുബൈർ തുടങ്ങിയവർ മഹതിയിൽ നിന്നും ഹദീസുകൾ ഉദ്ധരിച്ച പ്രധാന സഹാബിമാരാണ്.
പന്ത്രണ്ട് റകഅത്ത് (റവാതിബ്)
സുന്നത്ത് നമസ്കാരം രാത്രിയും പകലുമായി നമസ്കരിക്കുന്നവക്ക് സ്വർഗ്ഗത്തിൽ ഒരു ഗേഹം
പണികഴിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന ഹദീസ് മഹതിയാണ് റിപ്പോർട്ട് ചെയ്തത്. പ്രവാചകനിൽ
നിന്നും ഈ ഹദീസ് കേട്ടതിന്ന് ശേഷം മഹതി ഇതുപേക്ഷിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട
മറ്റനേകം ഹദീസുകൾ മഹതിയിൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
നമസ്കാരത്തിനുള്ള ബാങ്ക് വിളിക്കുന്നത്
കേൾക്കുമ്പോൾ പ്രവാചകൻ മിണ്ടാതിരിക്കുമായിരുന്നു എന്ന ഹദീസും മഹതിയാണ് ഉദ്ധരിച്ചത്.
പ്രവാചകന്റെ വിയോഗത്തിന്ന് ശേഷം
മുപ്പത്തിനാല് വർഷക്കാലം അവർ ജീവിച്ചു. മരണാസന്നയായി. മരണവേദനയിൽ അവർ ആയിശാ ബീവിയെ
വിളിക്കുന്നു. എന്നിട്ടിപ്രകാരം പറയുന്നു. 'സാധാരണയായി ഭാര്യമാർക്കിടയിൽ ഉണ്ടാവാൻ സാധ്യതയുള്ള അസ്വാരസ്യങ്ങൾ
നമുക്കിടയിലും ഉണ്ടായിട്ടുണ്ടാവാം. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ എനിക്കും താങ്കൾക്കും
അല്ലാഹു പൊറുത്ത് തരട്ടെ'. ആയിശയുടെ മറുപടി
ഇപ്രകാരമായിരുന്നു. 'അല്ലാഹു താങ്കൾക്ക്
മുഴുവനും പൊറുത്ത് തരട്ടെ. ഞാനും താങ്കൾക്ക് പൊറുത്ത് തന്നിരിക്കുന്നു.' 'ആയിശാ താങ്കളെന്നെ സന്തോഷിപ്പിച്ചിരിക്കുന്നു. അല്ലാഹു താങ്കളെയും
സന്തോഷിപ്പിക്കട്ടെ' എന്നായിരുന്നു
ഉമ്മുഹബീബയുടെ മറുപടി. ആയിശയോട് നടത്തിയ ഇതേ സംസാരം ഉമ്മുസലമയോടും മഹതി നടത്തുകയുണ്ടായി.
അബൂബക്കർ, ഉമർ, ഉസ്മാൻ, അലി എന്നീ നാല് ഖലീഫമാരുടെ ഭരണത്തിന്ന് മഹതി സാക്ഷ്യം വഹിച്ചു.
പ്രവാചക പത്നി എന്ന നിലയിൽ അവരൊക്കെയും മഹതിക്ക് പ്രത്യേക ബഹുമാനാദരവുകൾ നൽകുകയുണ്ടായി.
സംഭവബഹുലമായ ആ ജീവിതം ഹിജ്റ
നാൽപത്തിനാല് വരെ നീണ്ടു. മരണപ്പെടുന്ന സമയത്ത് തന്റെ സഹോദരനായ മുആവിയയായിരുന്നു ഇസ്ലാമിക
രാഷ്ട്രത്തിന്റെ നായകൻ. ആ സമയത്ത് മഹതിക്ക് എഴുപത്തിനാല് വയസ്സ് പ്രായമുണ്ടായിരുന്നു.
അവരുടെ ജനാസ നമസ്കാരത്തിൽ വൻ ജനാവലി തന്നെ പങ്കുകൊണ്ടു. നമസ്കാരത്തിന്ന് ശേഷം മസ്ജിദുന്നബവിക്കു
സമീപത്തുള്ള ജന്നത്തുൽ ബഖീഇലേക്ക് ആ ഭൗതിക ശരീരം കൊണ്ടുപോയി. ബഖീഇൽ പ്രവാചക പത്നിമാരെ
അടക്കം ചെയ്ത ഭാഗത്തുള്ള ഒരു ഖബ്റിൽ മഹതി അന്ത്യവിശ്രമം കൊള്ളുന്നു.
✍ സദഖത്തുല്ല വടകര
07/07/2019
-------------------------------------------------------------------------------
പ്രവാചകപത്നി ഉമ്മുഹബീബ(റ)യെ
കുറിച്ചുള്ള ഈ ചരിത്രം താങ്കളുടെ കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്തുകൊടുക്കുക...
പ്രവാചകപത്നി ഖദീജ ബീവി(റ)യുടെ ജീവചരിത്രം സമ്പൂർണമായി വിവരിക്കുന്ന ഈയുള്ളവന്റെ പുസ്തകം വിപണിയിൽ ലഭ്യമാണ്...
പേജ് 128
വില 130 രൂപ