2015 ഏപ്രിൽ 16, വ്യാഴാഴ്‌ച

മാര്ച്ചിലെ ഒരു പ്രഭാതം, ജബലുന്നൂറിലെ ഹിറാഗുഹയിൽ.......

(അബൂ അംന വടകര)

മസ്ജിദുൽ ഹറമിൽ നിന്നും ഏതാണ്ട് നാലു കിലോമീറ്റർ ദൂരെ അറഫയിലേക്കുള്ള വഴിയിൽ കിടക്കുന്ന മൊട്ടക്കുന്നുകളിലൊന്നായ ‘ജബലുന്നൂര്‍’ സന്ദർശിക്കണമെന്നത് ഉംറയെന്ന ദൈവിക വിളിക്കുള്ള യാത്രയിൽ തീരുമാനിച്ചുറച്ചതാണ്. ദൈവിക വെളിപാടും വഹിച്ചു ജിബ്രീല് മാലാഖ അന്ത്യപ്രവാചകന്നു മീതെ ചൊരിഞ്ഞ ദിവ്യ സന്ദേശത്തിന്റെ തുടക്കകേന്ദ്രമായിരുന്നല്ലോ പ്രകാശമലയുടെ ശിഖരത്തിലുള്ള ഹിറാഗുഹ. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 650 മീറ്ററോളം ഉയരമുണ്ടതിന്ന്.

മാർച്ച്‌ 25 ന് ളുഹർ നമസ്കാരാനന്തരം ദുബായിൽ നിന്നും മദീനയിലേക്ക് പുറപ്പെട്ട ഞങ്ങളുടെ ഉംറ സംഘം പിറ്റേ ദിവസം രാത്രിയോടെ മദീനയിലെത്തിച്ചേർന്നു. മൂന്നു ദിവസത്തെ മദീനാ വാസത്തിന്ന് ശേഷം നിറകണ്ണുകളോടെയായിരുന്നു പ്രവാചകന്റെ ഇഷ്ടനഗരിയോട് യാത്രപറഞ്ഞത്. മീഖാത്തായ ദുൽഹുലൈഫയിൽ നിന്നും ഇഹ്റാം കെട്ടി ഉംറാ കർമ്മം പൂർത്തിയാക്കി. മസ്ജിദുൽ ഹറമിൽ നിന്നും ഏകദേശം പത്തു പതിനഞ്ചു മിനുട്ട് കാൽനടദൂരത്താണ് ഞങ്ങളുടെ താമസസ്ഥലം. കൃത്യമായി പറഞ്ഞാൽ പ്രവാചക ദൂതന്റെ പ്രിയസഖിയായ ഖദീജ(റ) അന്ത്യവിശ്രമം കൊള്ളുന്ന മക്കയിലെ ഖബറിസ്ഥാൻ ജന്നത്തുൽ മുഅല്ലക്ക് തൊട്ടടുത്ത്. അബ്ദുല്ലാഹിബിന്നു സുബൈര്(റ), ഇബ്നു ഉമര്(റ), അസ്മാ ബിൻത് അബീബക്കർ(റ) തുടങ്ങിയ സഹാബാ പ്രമുഖരും ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. റൂമിന്റെ വലതു ഭാഗത്തായി പ്രവാചകന്റെ ഖുർആൻ പാരായണം കേള്ക്കാന് ജിന്നുകൾ ചെവി കൂര്പ്പിച്ചു നിന്ന സ്ഥലത്ത് പില്ക്കാലത്ത് നിര്മ്മിക്കപ്പെട്ട മസ്ജിദുൽ ജിന്നും. റോഡിന്റെ അപ്പുറത്ത്, ഹജ്ജത്തുൽ വിദാഇന്റെ ദിവസം ആരാധിക്കാന് ആളില്ലാത്തതിനാല് കഅബക്കുള്ളിലെ ബിംബങ്ങളെല്ലാം തച്ചുടച്ചു ശിർക്കിൽ നിന്നും വിമുക്തമാക്കിയ ശേഷം ഇസ്ലാമിന്റെ വിജയക്കൊടി നാട്ടിയ പ്രദേശത്ത് പിന്നീട് നിര്മ്മിക്കപ്പെട്ട മസ്ജിദുറാഅയും. തന്നോട് അത് വരെ അക്രമം കാണിച്ചവർക്കൊക്കെയും പൊതുമാപ്പ് നല്കികൊണ്ട് യാതൊരു പ്രതികാര നടപടിയുമില്ലെന്ന് പ്രവാചകൻ പ്രഖ്യാപിച്ച, ചരിത്രത്തില് തുല്യതയില്ലാത്ത ചരിത്രസംഭവത്തിനു സാക്ഷ്യംവഹിച്ചയിടം.

സുബഹി നമസ്കാരാനന്തരം താമസിക്കുന്ന ഹോട്ടലിലെ ശാഫീക്കയുടെ മെസ്സില് നിന്നും ഉപ്പ്മാവും ദോശയുമകത്താക്കി രണ്ടാം ദിവസം രാവിലെയായിരുന്നു ജബല് നൂരിലെ ഹിറാഗുഹ ലക്ഷ്യമാക്കി ഞങ്ങള് ആറംഗ സംഘം റൂമില് നിന്നുമിറങ്ങിയത്. ജിന്ന് പള്ളിക്ക് മുമ്പില്‍ നിന്നും നാല് സീറ്റുള്ള ബംഗാളിയുടെ കള്ളട്ടാക്സിയില്‍ ഇരുപത്തഞ്ചു റിയാല്‍ ചാര്‍ജുറപ്പിച്ച് ഞങ്ങൾ ആറുപേരും കയറി. നേരെ ജബലുന്നൂരിലേക്ക് അഥവാ ജബലുൽ ഇസ്ലാമിലേക്ക്. ലോകത്തിന്റെ പ്രവാചകന്‍ കഅബാലയത്തിന്റെ പരിസരത്ത് നടന്നുകൊണ്ടിരിക്കുന്ന എല്ലാവിധ വൃത്തികേടുകളില്‍ നിന്നും മോചനമാഗ്രഹിച്ചു ധ്യാനനിമഗ്നനായിരിക്കാന് ഹിറാഗുഹയിലേക്ക് പോകാന് ഉപയോഗിച്ച വഴിയായിരിക്കാം പിന്നിടുന്ന ഓരോ വഴിത്താരയും. അദ്ദേഹം ഹിറാഗുഹയില്‍ ഒഴിഞ്ഞിരുന്നത് ആരാധനകള്‍ നിര്‍വഹിക്കാനും ദൈവത്തോട് അടുക്കാനുമായിരുന്നു. അത് ഇബ്‌റാഹീം പ്രവാചകൻ പഠിപ്പിച്ച മതത്തില്‍ അറിയപ്പെട്ടിരുന്ന ആരാധനയായിരിക്കണം.

ആറുപേരുള്ളതിനാല്‍ മലയാരംഭിക്കുന്നയിടം വരെയെത്താന്‍ കാറിന്നായില്ല. വണ്ടിയിൽ നിന്നിറങ്ങിയപ്പോള്‍ മുമ്പില് ചെങ്കുത്തായ ഇളം കറുപ്പുമല. അത് ആകാശം വരെ മുട്ടിനില്‍ക്കുന്നു. അതിരാവിലെ തന്നെ അവിടേക്ക് സന്ദര്‍ശനത്തിനായി കയറിയവർ ഇറങ്ങി വരുന്നു. കുറേപേര്‍ കയറികൊണ്ടിരിക്കുന്നു. ദൂരെ നിന്നും കാണുമ്പോള്‍ വളഞ്ഞു പുളഞ്ഞു നില്ക്കുന്ന വഴിയിലൂടെ ഉറുമ്പുകൾ സഞ്ചരിക്കുന്നത്പോലെ.

കയറാന് തുടങ്ങുമ്പോള്‍ മനസ്സിലേക്ക് തളിഞ്ഞു വന്നു, മക്കയില് നടന്നുകൊണ്ടിരിക്കുന്ന അധാര്മ്മികതകളിലും അശ്ലീലതകളിലും അഭാസങ്ങളിലും മനംനൊന്ത് ഏകാന്തനായി മലകയറി പോകുന്ന പ്രവാചകനെ. മർദ്ദിതന്നു നീതികിട്ടാതിരിക്കുന്നതും കയ്യൂക്കുള്ളവൻ കാര്യക്കാരനാകുന്നതും അദ്ദേഹം കണ്ടിട്ടുണ്ടാവണം. അവിടെ നടന്നിരുന്ന കൊള്ളയും കൊള്ളിവെപ്പും കളവും വഞ്ചനയും കണ്ടു മടുത്തിട്ടുണ്ടാവണമദ്ദേഹം. ഏകദൈവാരാധനക്ക് വേണ്ടി നിര്മ്മിക്കപ്പെട്ട കഅബായലത്തിനകത്തും പുറത്തും നൂറു കണക്കിന്നു പ്രതിമകൾ പ്രാർത്ഥിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തിയിട്ടുണ്ടാവണം. ജനങ്ങള് ആണ്-പെണ് വ്യത്യാസമില്ലാതെ പ്രദക്ഷിണം ചെയ്ത് കഅബാലയം അപമാനിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ പ്രയാസപ്പെടുത്തിയിട്ടുണ്ടാവണം.....

ഒപ്പം പ്രവാചകന്റെ ജീവിത സഖിയായ മക്കയിലെ സമ്പന്നകച്ചവടക്കാരി ഖുവൈലിദിന്റെ മകള് ഖദീജ(റ)യും മനസ്സില് കടന്നുവന്നു. ഹിറാഗുഹയില് ധ്യാനനിമഗ്നനായിരിക്കുന്ന നാല്‍പതു വയസ്സായ സ്വന്തം ഭര്‍ത്താവിന്നു വെള്ളപാത്രവും ഭക്ഷണപ്പൊതിയുമായി കിലോമീറ്ററുകള്‍ അപ്പുറത്തുള്ള വീട്ടില്‍ നിന്ന് ഒട്ടകപ്പുറത്തേറി പര്‍വതത്തിന്റെ ചുവട്ടിലെത്തുകയും അവിടുന്നങ്ങോട്ട് പര്‍വത മുകളിലേക്ക് നടന്നു കയറുകയും ചെയ്യുന്ന അന്‍പത്തഞ്ചുകാരി ഖദീജ(റ). അമ്പത്തഞ്ചിന്റെ വാര്‍ധക്യ പരവശതകള്‍ കുന്നിന്റെ മുകളിലെത്താന്‍ അവര്‍ക്ക് തടസ്സമായില്ല. മക്കയിലിരുന്നുകൊണ്ട് തന്റെ കീഴിലുള്ള കച്ചവടസംഘത്തെ യമനിലേക്കും ശ്യാമിലേക്കുമൊക്കെയയച്ചുകൊണ്ടിരുന്ന മക്കയിലെ സമ്പന്ന വനിത. പെണ്‍കുട്ടികള് ജനിക്കുന്നത് അപമാനമായി കാണുകയും ജനിച്ച പെണ്‍കുട്ടിയുടെ പിതാവ് സമൂഹത്തില് അപമാനഭാരം സഹിച്ച് നടക്കുക്കയും അവസാനം സ്വന്തം ചോരക്കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടുകയും ചെയ്യുന്നത് പച്ചയായി അവര്‍കണ്ടിരിക്കണം. സ്ത്രീസമൂഹം എല്ലാതരത്തിലുമുള്ള ആക്രമണങ്ങള്‍ക്കും വിധേയരായി ചവിട്ടിയരക്കപ്പെടുന്ന കാലത്ത് തന്നെയാണ് അവര്‍ മക്കയിലെ കച്ചവടം കൈകാര്യം ചെയ്തിരുന്നത്. സ്വന്തം കഴിവും സമ്പത്തുമുപയോഗിച്ച് കച്ചവടം നിയന്ത്രിക്കാനും അതുവഴി സമ്പാദിക്കാനും ജാഹിലിയ്യ കാലത്ത് ഒരു സ്ത്രീക്ക് സാധിക്കുക എന്നത് തന്നെ വലിയ കാര്യമാണ്. ആയിടക്കായിരുന്നു മക്കയിലെ സത്യസന്ധനും വിശ്വസ്തനും എല്ലാറ്റിനുമുപരി സകലവിധ നന്മകളുടെയും ഉറവിടവുമായ ഇരുപത്തഞ്ചുകാരനായ നബിയെ കാണുന്നത്. ശ്യാമിലേക്കുള്ള യാത്രയില് പ്രവാചകനെ പറഞ്ഞയക്കുകയും വന് ലാഭം നേടിയ കച്ചവടമായി അത് പരിണമിക്കുകയും ചെയ്തു. പ്രവാചകന്റെ സത്യസന്ധതയും വിശ്വസ്തതയും മനസ്സിലാക്കിയ ഖദീജ(റ)യും ഖദീജ(റ)യുടെ വക്തിവിശുദ്ധിയും മഹിമയും മനസ്സിലാക്കിയ പ്രവാചകരും വിവാഹത്തിന്നു തീരുമാനിക്കുകയായിരുന്നു.

ഖദീജ(റ)യെ കുറിച്ച ഓര്മ്മകള് അയവിറക്കി ഞങ്ങളുടെ കയറ്റം ആരംഭിച്ചു. കയറുംതോറും കിതപ്പുമാരംഭിച്ചു. ക്ഷീണം തോന്നുമ്പോള്‍ പടവുകള്‍ക്കു സമീപമിരിക്കും. കയ്യിൽ കരുതിയ വെള്ളം കുടിക്കും. കരിങ്കല് പടവുകളില്‍ കൈവേലിയുള്ളത് വളരെ ആശ്വാസകരമായി തോന്നി. സുമനസ്സുകളായ ചില പാകിസ്ഥാനികള്‍ കെട്ടിയുണ്ട്ടാക്കിയതാണീ പടവുകള്‍. ഹിറാസന്ദര്‍ശനം ഒരു ആരാധനാ രീതിയിലേക്ക് മാറിപ്പോകാന്‍ സാധ്യതയുള്ളത് കൊണ്ട് സൌദീസര്‍ക്കാര്‍ ഈ സന്ദര്‍ശനത്തിന്നു കാര്യമായ പരിഗണനകളൊന്നും നല്‍കാറില്ലെന്നാണ് കിട്ടിയ വിവരം.

പടവിന്റെ ഓരോ മടക്കിലും ഒരു പാക്കിസ്ഥാനിയിരുന്നിട്ടുണ്ട്. കയ്യില്‍ ഒരു കുമ്മായക്കത്തിയും. ചില പടവുകള്‍ കോണ്ക്രീറ്റ് ചെയ്തു കൊണ്ടിരിക്കുന്നു. തൊട്ടടുത്ത്‌ ഒരു ചെറിയ പെട്ടിയും. മലകയറുന്നവരും ഇറങ്ങുന്നവരും അതില്‍ ദിര്‍ഹമുകളും റിയാലുകളും ദിനാറുകളും മറ്റും നിക്ഷേപിക്കുന്നു. വൈകുന്നേരമാകുമ്പോഴേക്ക് അതില് വിവിധയിനം കറന്‍സികള്‍ കൊണ്ട് നിറഞ്ഞിരിക്കും. അധ്വാനശീലരായ ഈ പാകിസ്ഥാനികളുടെ പ്രതിഫലേച്ഛയില്ലാത്ത അധ്വാനപരിശ്രമത്തിന്റെ ഫലമാണ് ഇന്ന് നൂര്‍ മലയിലെയും സൌര്‍ മലയിലെയും കയറ്റം കുറച്ചൊക്കെ അനായാസകരമാക്കുന്നത്. ജബലുനൂരിലെയും ഹിറാഗുഹയുടെയും സംരക്ഷകരെന്ന ഭാവേന യാചനക്കുള്ള ഒരു തരംതാണ ഏര്‍പ്പാടാണെന്ന് ഇവരുടെ പ്രവര്‍ത്തനങ്ങളെന്നു ചിലരൊക്കെ പറയാറുണ്ട്‌. ഏതു കര്‍മ്മത്തിന്നും അതിന്റെ നിയ്യത്തിനനുസരിച്ച പ്രതിഫലമുണ്ടല്ലോ. മലകയറുന്നവരെയും ഇറങ്ങുന്നവരെയും നോക്കി ചിലയിടങ്ങളിൽ അംഗവൈകല്യം ബാധിച്ച മനുഷ്യര്‍ സഹായത്തിനർഥിച്ചു കൊണ്ടിരിക്കുന്നു. വൈകല്യമൊന്നും ബാധിക്കാത്ത ആരോഗ്യമുള്ളവരും ഇതിലുണ്ട്. ഇസ്ലാമിലെ രണ്ടാമത്തെ ഖലീഫ ഉമറുൽ ഫാറൂഖെ(റ)ങ്ങാനും ഇവരെ കണ്ടാൽ മഴുവാങ്ങിച്ചുകൊടുത്ത് മരം വെട്ടി അധ്വാനിച്ചു ജീവിക്കാന് അവരോടു കല്പ്പിക്കുമായിരുന്നു എന്ന് തോന്നിപ്പോയി.

പത്ത് വര്ഷം മുമ്പ് മലയിലേക്കു പടവുകള് ഇല്ലാതിരുന്നത് കൊണ്ട് കയറ്റം പ്രയാസകരമായിരുന്നു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പടവുകളോ പ്രത്യേക വഴികളോ ഇല്ലാതിരുന്ന ആയിരത്തി നാനൂറു കൊല്ലങ്ങള്ക്ക് മുമ്പ് പലദിവസങ്ങളിലും ധ്യാനനിമഗ്നനായിരിക്കാന് പ്രവാചകനും സ്വന്തം ഭര്‍ത്താവിനുള്ള ഭക്ഷണപ്പൊതിയുമായി മഹതിയായ ഖദീജ(റ)യും കുന്നിന്‍ മുകളിലെത്താന്‍ എത്ര പ്രയാസപ്പെട്ടു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. പരിചാരകരെയോ മറ്റോ അയക്കാമായിരുന്ന സാമ്പത്തിക നിലവാരം ഉണ്ടായിരുന്നിട്ടുപോലും.

വഴിയരികില് ഒരിടത്ത് എഴുതിവെച്ചിരിക്കുന്നു ‘പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ’യെന്ന്‍. ഞങ്ങളുടെ സംഘടന സാഹസികരുടെ സംഘമാണെന്നും അണികള്‍ സാഹസികത ഇഷ്ടപ്പെടുന്നവരുമാണെന്നും മറ്റുള്ളവരെ അറിയിക്കാന്‍ വേണ്ടി കൂടിയാണ് ഇങ്ങിനെയുള്ള സാഹസിക ചുമരെഴുത്തുകള്‍ നമ്മുടെ നാടുകളില് പ്രത്യക്ഷപ്പെടാറുള്ളത്. നാട്ടിലെ നാഷണല്‍ ഹൈവേയിലൂടെ യാത്രചെയ്താല് വളരെ റിസ്ക്ക് എടുത്ത് എത്തിപ്പെടാന് പറ്റിയ സ്ഥലങ്ങളില്‍ കാണുന്ന സംഘടനാ പേരുകളില് ഒന്നായി ഈ പേരും ഇതിന്റെ പ്രതിസ്ഥാനത്തുള്ള വര്‍ഗീയ പാര്‍ട്ടിയുടെ പേരും കണ്ടതോര്ക്കുന്നു. കഅബാലയത്തില്‍ പേരെഴുതാന് അവസരം കിട്ടിയാല് അവിടെയും പേരെഴുതി ഇക്കൂട്ടര്‍ സാഹസികത തെളിയിച്ചേക്കാം! സൌര്‍ ഗുഹയിലേക്കുള്ള കയറ്റത്തിനിടയിലും ഈ പേര്‍ കാണാനിടയായി. പണ്ട് എന്‍ഡിഎഫ് എന്ന് എഴുതിവെച്ചത് കണ്ടിരുന്നതായി ഒരു കൂട്ടുകാരൻ പറഞ്ഞിരുന്നു. ഭാവിയില് ചിലപ്പോൾ എസ്ഡിപിഐയെന്നും കണ്ടേക്കാം...

മല കയറുന്നതിനനുസരിച്ച് കഅബാലയത്തിന്റെ സമീപത്തെ ക്ലോക്ക് ടവറും പിരമിഡുകള്‍ പോലെ തോന്നിക്കുന്ന മലനിരകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അവിടെയായിരുന്നല്ലോ നാലായിരം വര്ഷങ്ങള്ക്ക് മുമ്പ് ഇറാഖിലെ ഊർ പട്ടണത്തില് അമ്പലത്തിലെ പൂജാരിയുടെ മകനായി ജനിച്ച ഇബ്രാഹീം പ്രവാചകൻ ദൈവകല്പനക്കനുസരിച്ച് ഭാര്യയെയും കൈക്കുഞ്ഞിനെയുമെടുത്ത് വന്നഞ്ഞത്. യാതൊരുതരത്തിലുമുള്ള കൃഷിഭൂമി പോയിട്ട് ഒരു മനുഷ്യവാസവുമില്ലാത്ത മൊട്ടക്കുന്നിൽ ഭാര്യയെയും തേങ്ങിക്കരയുന്ന ചോരപ്പൈതൽ ഇസ്മായിലിനെയും റബ്ബിന്റെ മാത്രം സംരക്ഷണത്തിലാക്കി, അവനില് ഭരമേൽപ്പിച്ചു ദൈവിക ദീനിന്റെ പ്രബോധനത്തിന്നായി ഭൂഖണ്ഡങ്ങള് കയറിയിറങ്ങിയ അതേ ഇബ്രാഹീം... പ്രിയതമയെയും ചോരക്കുഞ്ഞിനെയും അവിടെയാക്കി തിരിഞ്ഞു നടക്കുമ്പോൾ അല്ലാഹുവിന്റെ അനുമതിയോടെയാണോ താങ്കളുടെ ഈപോക്കെന്ന ഹാജറയുടെ ചോദ്യം കഅബക്കരികിലുള്ള മൊട്ടക്കുന്നിൽ നിന്നും ഹിറാ കുന്നിലേക്ക് അലയടിക്കുന്നത് പോലെ.... ഒപ്പം, അതെ എന്ന ഇബ്രാഹീമിന്റെ മറുപടിയും എങ്കില് അല്ലാഹു തങ്ങളെ കൈവെടിയുകയില്ലെന്ന ഹാജറയുടെ ആത്മഗതവും....

പിന്നീട് കാലങ്ങൾക്കുശേഷം ഇബ്രാഹീം പ്രവാചകന് ഈ കുന്നുകൾക്ക് സമീപം വന്നു കഅബാലയം നിര്മിച്ച്, മകന് ഇസ്മായിലിനൊപ്പം അല്ലാഹുവോട് പ്രാർത്ഥിച്ചു, ഈ മൊട്ടക്കുന്നുകൾക്കു സമീപം ഭാവിയില് വളര്ന്നു വരുന്ന ജനസമൂഹത്തിനു മാർഗദർശനം നല്കാന് ഒരു മാർഗദർശകനെ നീ പ്രദാനം ചെയ്യണമേയെന്ന്. ആ പ്രവാചകനാണല്ലോ മാര്ഗദർശനവുമായി ഈ ഗുഹയിൽ നിന്നുമിറങ്ങി സമൂഹത്തിൽ വെളിച്ചം പരത്തിയത്. മക്കയിലേക്ക് വന്ന ഇബ്രാഹീം പ്രവാചകനും ഹിറയില് നിന്നും സത്യസന്ദേശം ലഭിച്ച അന്ത്യ പ്രവാചകനുമിടയിൽ രണ്ടായിരത്തഞ്ഞൂരു വര്ഷത്തിന്റെ ഇടവേളയുണ്ടെങ്കിലും എല്ലാം ഇന്നലെ സംഭവിച്ചതു പോലെ.ഇബ്രാഹീം പ്രാർത്ഥിച്ചു: 'ഞങ്ങളുടെ നാഥാ, ഈ ജനത്തില്‍ അവരില്‍നിന്നുതന്നെ, നിന്റെ വചനങ്ങള്‍ കേള്‍പ്പിക്കുകയും ഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും അവരുടെ ജീവിതത്തെ സംസ്കരിക്കയും ചെയ്യുന്ന ഒരു ദൂതനെ നിയോഗിക്കേണമേ! സര്‍വശക്തനും യുക്തിജ്ഞനുമല്ലോ നീ' (അൽ ബഖറ 129)


മലയിലെ പടവുകൾ

മുന്നോട്ടേക്കുള്ള കയറ്റത്തിനിടയില് പിന്നിട്ട ദൂരമറിയാന് തിരിഞ്ഞു നോക്കി. കുറെയധികം കയറിയിരിക്കുന്നു. പലരും മുകളിലേക്ക് കയറി വരുന്നുണ്ട്. മുകളിലേക്ക് നോക്കിയപ്പോൾ ഗുഹയിലേക്കടുക്കുന്നത് പോലെ തോന്നി. വഹയിന്റെ ഉത്ഭവ കേന്ദ്രം കണ്ടു തിരികെ താഴോട്ടു വരുന്നുണ്ട് സന്ദർശകക്കൂട്ടങ്ങൾ. അവരിലധികവും തുര്ക്കികള്. ഉംറക്ക് വന്നവരിൽ കൂടുതലായിട്ട് കണ്ടത് തുർക്കികളെയാണ്. ഇസ്ലാമിന്റെ ചരിത്രമുറങ്ങുന്ന എല്ലായിടത്തും സന്ദർശകരായി കാണപ്പെട്ടവരിലധികവും ഇവർതന്നെ. ചരിത്രവും ചരിത്രസംഭവങ്ങളും അവിടങ്ങളിൽ മൈക്കിലൂടെ തുര്ക്കിഷ് ഭാഷയില് അവരുടെ തന്നെ ഗൈഡ് വിശദീകരിച്ചുകൊടുക്കുന്നു. അറബി ഭാഷയും ഇസ്ലാമിന്റെ അടയാളങ്ങളും നാട്ടിൽ നിന്നും പിഴുതെറിഞ്ഞ കമാല് അതാതുര്ക്കിന്റെ നാട്ടുകാർ ഇസ്ലാമിലേക്ക് തിരിച്ചു നടക്കുന്നതിന്റെ അടയാളം.!

മലക്ക് ചുറ്റും താഴോട്ടു നോക്കിയപ്പോള് ശാന്തമായി നില്ക്കുന്ന മക്കപട്ടണം. ഇബ്രാഹീം നബിയുടെ പ്രാര്തനക്കുത്തരമായി അള്ളാഹു സംവിധാനിച്ച ലോകത്തിന്റെ മദ്ധ്യം തന്നെയായ നിര്ഭയമായ നാട്. അവിടേക്ക് സകലവിധത്തിലുമുള്ള കായ്‌കനികളും വന്നണയുന്നു. ഇബ്രാഹീം നബിയുടെ വിളിക്കുത്തരമായിട്ടു വിശ്വാസി സമൂഹം ലോകത്തിന്റെ വിദൂരദിക്കുകളിൽ അവിടേക്ക് വന്നെത്തുന്നു. ആയിരത്തി നാനൂറു വര്ഷങ്ങള്ക്ക് മുമ്പുള്ള ഈത്തപ്പനയോലകൾ കൊണ്ടുള്ള വീടുകള്ക്കും കെട്ടിടങ്ങൾക്കും പകരമായി കോണ്ക്രീറ്റ് വീടുകളും കെട്ടിടങ്ങളും ആകാശത്തേക്കുയര്ന്നുനില്ക്കുന്നു. വിശ്വാസത്തില് ശിര്ക്കിന്റെ ഒരു കണികപോലും കലരാത്ത യഥാര്തവിശ്വാസി സമൂഹം അവിടെ താമസിക്കുന്നു. ഒട്ടകങ്ങളും കുതിരകളും സവാരിക്കുപയോഗിച്ചിരുന്ന സ്ഥാനത്ത് ബിഎൻ ഡബ്ലിയുകളും ലക്സസുകളും തീപ്പെട്ടി പോലെ റോഡിലൂടെ ഒഴുകുന്നു. എത്ര മനോഹരം കുന്നിൻ മുകളിൽ നിന്നുള്ള ഈ കാഴ്ച...


ഗുഹയുടെ മുൻഭാഗം

വാച്ചിലേക്ക് നോക്കിയപ്പോൾ മലകയറാൻ തുടങ്ങിയിട്ട് കൃത്യം അരമണിക്കൂർ ആയിരിക്കുന്നു. ഗുഹാമുഖം കണ്ടു തുടങ്ങി. ഗാർ ഹിറാ എന്ന് അറബിയിൽ എഴുതിട്ടുണ്ട് ഗുഹാമുഖത്ത്. പ്രവാചകന്നു ഇവിടെ വെച്ചവതരിക്കപ്പെട്ട ഖുർആനിലെ ആദ്യ ആയത്തുകളും ആയത്തുകളും മറ്റൊരു ഭാഗത്ത്‌ എഴുതിവെക്കപ്പെട്ടിട്ടുണ്ട്. ജനങ്ങള് ഗുഹയിലേക്ക് പ്രവേശിക്കാൻ തിരക്ക് കൂട്ടുകയാണ്. അറബിയും അനറബിയും വെളുത്തവനും കറുത്തവനും ചെറിയവനും വലിയവനുമെല്ലാം കയറാന് വേണ്ടിയുള്ള ക്യൂവിലാണ്. ഒരാൾക്ക് കയറാനുള്ള വലുപ്പമേ ഗുഹാമുഖത്തിനുള്ളൂ. അവിടെവെച്ച് നമസ്കരിക്കാനുള്ള തിരക്കിലാണ് ചിലര്. നമസ്കാരം മൂലം പ്രവേശനത്തിന്നു തടസ്സം നേരിടുന്നു. ഇവിടെ പ്രത്യേകം പ്രാര്‍ത്ഥനകളോ നമസ്കാരമോ നടത്തുന്നതിനു തെളിവില്ലെന്ന ബോര്ഡ് ഹിറയിലേക്കുള്ള റോഡരികിൽ സ്ഥാപിക്കപ്പെട്ടിടുണ്ടെങ്കിലും പലരും ഗൌനിക്കാറില്ല. 'ഇല്ല ഇവിടെ നിസ്കാരമില്ല, ആരാധനക്കുള്ള കേന്ദ്രമല്ല’യിതെന്നു അറബിയിലും മറ്റും ആരൊക്കെയോ വിളിച്ചു പറയുന്നുണ്ട്. ഗുഹാമുഖം ചുംബിക്കുന്നുണ്ട് ചിലര്. മറ്റുള്ളവർ തൊട്ടു തലോടുന്നു. കെട്ടിപ്പിടിക്കുന്നു വേറെ ചിലര്. ചിലര്, തങ്ങള് അവിടെയെത്തിയെന്നു കാണിക്കാന് സെല്ഫിയിലും.

സമീപത്തു നിന്ന് നമ്മുടെ നാട്ടില് നിന്നുള്ള മുസ്ല്യാക്കന്മാരടങ്ങുന്ന സംഘം വട്ടമിട്ടിരുന്ന് മൌലീട് പാരായണം തുടങ്ങി. നബിയുടെ മഹത്വം പറഞ്ഞു കൊണ്ടുള്ള വരികളില് നബിയോട് ചോദിച്ചു കൊണ്ടുള്ള 'വഗ്ഫിർ ലനാ മാമളാ' എന്ന വരികൾ നബിയോട് പാപമോചനത്തിന്നര്ത്തിക്കുന്നതു പോലെ തോന്നി (അല്ലാഹുവിൽ ശരണം)!!!!. ഇങ്ങിനെയുള്ള ശിർക്കിൽ നിന്നുമുള്ള മോചനത്തിന്റെ തുടക്കമായിരുന്നല്ലോ പ്രവാചകന് ഹിറയിൽ നിന്നാവാഹിച്ചത്‌. ഹിറയില് നിന്നിറങ്ങിയതിനു ശേഷം ഇരുപത്തിമൂന്ന് കൊല്ലത്തോളം പ്രവാചകന് പരിശ്രമിച്ചതും ശിര്കിന്റെ ഉണ്മൂലനത്തിനായിരുന്നല്ലോ.. മനസ്സറിയാതെ പറഞ്ഞു പോയി....

ദിവ്യസന്ദേശത്തിന്റെ മലയിടുക്കില് കാലെടുത്തുവെച്ചു. ആയിരത്തി നാനൂറു വര്ഷങ്ങള്ക്ക് മുമ്പ് റമദാൻ മാസത്തില് ജിബ്രീൽ മാലാഖ ദൈവം തമ്പുരാന്റെ കല്പനപ്രകാരം പ്രവാചകന്നു സത്യസന്ദേശം എത്തിച്ചയിടം. പതിവ് പോലെ അന്നും പ്രവാചകൻ ഹിറാഗുഹയില്‍ ധ്യാനനിമഗ്നനായി. പെട്ടെന്ന് ഒരശിരീരി. ചക്രവാളത്തിൽ ജിബ്രീൽ. നബിയെ ചേര്‍ത്തു മുറുകെപിടിച്ചു വായിക്കുക എന്ന ജിബ്രീലിന്റെ കല്പന. എനിക്ക് വയിക്കാനറിയില്ലെന്ന നിരക്ഷരനായ പ്രവാചകന്റെ പേടിച്ചരണ്ട മറുപടി. വീണ്ടും പ്രവാചകനെ മുറുക്കിപ്പിടിച്ചു അതേ കല്പന. അതേ മറുപടിയും. മൂന്നാം വട്ടവും അതേ കല്പനയും അതേ മറുപടിയും. പിന്നീട് ജിബ്രീല് വായിച്ചുകൊടുക്കുന്നു. പ്രവാചകൻ ഏറ്റുപറയുന്നു...... വായിക്കുക: നിന്നെ സൃഷ്ടിച്ച നാഥന്റെ നാമത്തില്‍. ഒട്ടിപ്പിടിക്കുന്ന പിണ്ഡത്താല്‍ അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. വായിക്കുക: നിന്റെ നാഥന്‍ അത്യുദാരനാകുന്നു. തൂലികകൊണ്ട് പഠിപ്പിച്ചവന്‍. അവന്‍ മനുഷ്യനെ അവനറിഞ്ഞിട്ടില്ലാത്തത് പഠിപ്പിച്ചു.......

തനിക്കു ജിബ്രീല് ഇറക്കിയതിന്റെ ഭാരത്താല് ശരീരം വിറച്ചു. ശരീരത്തില് വേദനയനുഭവപ്പെട്ടു. പേടിച്ചരണ്ടു ഹിറയില് നിന്നും താഴേക്കിറങ്ങി. വീട്ടിലെത്തി സംഭവിച്ചതൊക്കെയും പ്രിയതമക്ക് വിവരിച്ചു കൊടുത്തു. വിറയാർന്ന സ്വരത്തിൽ പ്രവാചകൻ ഖദീജ(റ)യോട്‌: "എന്നെ പുതപ്പിട്ടു മൂടൂ, ഖദീജാ"....'അങ്ങയുടെ ജീവന് യാതൊരു അപകടവുമില്ല, ദൈവം ഒരിക്കലും അങ്ങേയ്ക്ക് പ്രയാസം വരുത്തുകയില്ല. മറ്റുള്ളവര്‍ക്ക് ആശ്വാസവും അഭയവുമേകുന്ന അങ്ങയെ ദൈവം തമ്പുരാൻ കൈവിടുകയില്ല. പ്രയാസമുള്ളവരെയും കഷ്ടപ്പെടുന്നവരെയും സഹായിക്കുന്നു താങ്കൾ. അങ്ങ് ബന്ധുക്കളോടുള്ള ബാധ്യതകള്‍ നിറവേറ്റുന്നു, ജനങ്ങളുടെ ഭാരങ്ങള്‍ സ്വയം ഏറ്റെടുക്കുന്നു, പാവങ്ങളെയും അഗതികളെയും സഹായിക്കുന്നു. വഴിയാത്രക്കാര്‍ക്ക് ആതിഥ്യമരുളുന്നു, നീതിപൂര്‍വം ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കുന്നു. ബുദ്ധിമുട്ടുന്നവർക്ക് കൈത്താങ്ങാകുന്നു താങ്കൾ'. ഖദീജ(റ)യുടെ ആശ്വാസ വചനങ്ങൾ ഇങ്ങിനെ തുടർന്നു....... സംഭവിച്ചതിന്റെ യാഥാര്ത്യമറിയാന് തന്‍റെ ബന്ധുവും ക്രിസ്തീയ പണ്ഡിതനുമായ വറഖത്തുബിനു നൌഫലിന്റെയടുത്തേക്ക് ഭര്ത്താവിനെ കൂട്ടികൊണ്ട് പോവുന്നു. നടന്ന സംഭവങ്ങളൊക്കെ വിശദീകരിക്കുന്നു. ഹീബ്രു ഭാഷയിലും പൂര്‍വ വേദങ്ങളിലും ആഴമേറിയ അറിവുള്ള വറഖത്തുബിനു നൌഫലിന്നു സംഗതി പിടികിട്ടി. "മുഹമ്മദ്‌ എത്ര ഭാഗ്യവാന്. പേടിക്കാനൊന്നുമില്ല, മോശെയുടെ അടുത്ത് വന്ന നാമൂസ് (മാലാഖ) തന്നെയാണ് മുഹമ്മദിന്റെ അടുക്കല്‍ വന്നിട്ടുള്ളത്. മുഹമ്മദ്‌ ഇന്ന് മുതൽ ദൈവത്തിങ്കൽ നിന്നുള്ള ദൂതനാണ്. ഖുറൈശികള്‍ അദ്ദേഹത്തെ സ്വന്തം നാട്ടില്‍ നിന്നു പുറത്താക്കും. അപ്പോള്‍ ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹത്തെ പിന്തുണക്കും. വറഖത്തു പറഞ്ഞു നിർത്തി. ഖദീജക്കും ആശ്വാസമായി... പക്ഷെ ഏതാനും ചില ദിവസങ്ങള്ക്ക് ശേഷം വറഖത്ത് ഇഹലോകവാസം വെടിയുകയും ചെയ്തു.



ഇന്ന് മുതൽ മുഹമ്മദ് ബ്നു അബ്ദുല്ല, മുഹമ്മദുർറസൂലുള്ള കൂടിയായി. അങ്ങനെ ഖുര്‍ആനിന്റെ അവതരണത്തിനു തുടക്കവുമായി. പിന്നീട് ജിബരീലിന്റെ ആഗമനം ഏകദേശം ആറു മാസത്തോളം താല്ക്കാലികമായി നിലച്ചു. തിരുമേനി പതിവുപോലെ ഹിറാഗുഹയില്‍ പോയിക്കൊണ്ടിരുന്നു. മനസ്സിലുണ്ടായ ഭീതിക്ക് ശമനം വരാൻ ഈ ഇടവേള കാരണമായി. ഖുർആൻ അവതരണം ശേഷമുള്ള ഇരുപത്തിമൂന്ന് വര്‍ഷം തുടർന്ന് കൊണ്ടിരുന്നു. വീട്ടിലും വഴിയിലും പള്ളിയിലും അങ്ങാടിയിലും പോര്ക്കളത്തിലും യാത്രയിലും നമസ്കാരത്തിലുമെല്ലാം അതിറങ്ങികൊണ്ടിരുന്നു. സന്ദര്ഭവും സാഹചര്യവുമനുസരിചു ആവശ്യാനുസരണമുള്ള വിധിവിലക്കുകളും ഉപദേശ നിര്‍ദേശങ്ങളും തത്വസംഹിതകളും ചരിത്രസംഭവങ്ങളും അത് നല്കികൊണ്ടിരുന്നു. അദ്ദേഹത്തിൽ നിന്നും റൂഹ് വിട്ടുപിരിയും വരെ ദിവ്യസന്ദേശം അനുസ്യുതം തുടർന്നു. ഹിറാ ഗുഹയില്‍ നിന്നു വെളിച്ചം ലഭിച്ചതിനു പ്രബോധന പ്രവർത്തനങ്ങൾ തുടങ്ങിയ ശേഷം പ്രവാചകന്‍ അങ്ങോട്ടേക്ക് തിരിച്ചു പോയതായിട്ടു എവിടെയും വായിച്ചിട്ടില്ല!

ദിവ്യസന്ദേശത്തിന്റെ പ്രഭവതലം സന്ദർശിച്ചതിന്നു ശേഷം മടക്കയാത്രക്കുള്ള ശ്രമമാരംഭിച്ചു ഞങ്ങൾ. ജബലുന്നൂര് കയറുന്നതിനേക്കാൾ ശ്രദ്ധവേണം ഇറങ്ങുന്നതിന്ന്. ഗുഹയുടെ സമീപത്തു നിന്ന് കുറച്ചു കൂടി മുകളിലേക്ക് കയറി താഴോട്ട് നോക്കിയാൽ കാന്നുന്ന മക്ക പട്ടണത്തിലേക്ക് ഒന്നുകൂടി ദൃഷ്ടി പായിച്ചു. മനസ്സിലേക്ക് വീണ്ടും കടന്നു വന്നു, പ്രവാചകന്റെ മക്കയോടുള്ള യാത്രപറച്ചിൽ വാചകങ്ങൾ. പതിമൂന്നു വര്ഷത്തെ മക്കാപ്രബോധനത്തിന്നു ശേഷം ദൈവാജ്ഞക്കനുസരിച്ച് മദീനയിലേക്ക് പ്രബോധനപ്രവര്ത്തനങ്ങളുടെ പുതിയ ഭൂമിക തേടി ദേശാന്തരഗമനം നടത്തുമ്പോൾ, ജനിച്ചു വളര്ന്ന സ്വന്തം നാടായ മക്കയിലേക്ക് തിരിഞ്ഞു കൊണ്ട് പ്രവാചകന് ദു:ഖത്തോടെ പറഞ്ഞിരുന്നു: അല്ലാഹുവാണ, നീയാണ് ഭൂമിയിലെ ഏറ്റവും നല്ല സ്ഥലം; നീയാണ് അല്ലാഹു ഏറ്റവുമധികം ഇഷ്ടപ്പെടുന്ന പ്രദേശം; ഞാന്‍ നിന്നില്‍നിന്ന് പുറത്താക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ നിന്നില്‍നിന്ന് ഞാന്‍ പലായനം ചെയ്യുകയില്ലായിരുന്നു.......

ഗുഹയുടെ കുറച്ചു ദൂരെ അറബ് വംശജർ കീര്തന ഗീതം ഉരുവിടുന്നു. സമീപത്തു ഒരു പാകിസ്താനി വന്നവര്ക്കെല്ലാം മധുരനാരങ്ങ വിതരണം ചെയ്യുന്നു. കിലോകണക്കിന്നു തൂക്കമുള്ള ഫ്രിഡ്ജുകളും മറ്റുമുള്ള പെട്ടിക്കടയും അവിടെയുണ്ട്. ഫ്രിഡ്ജ്‌ എങ്ങിനെ ഈ കുന്നിലെത്തിയെന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി. അതിലും കൂടുതല് അത്ഭുതപ്പെടുത്തിയത് കാണുന്നമാത്രയില് എന്പതു പിന്നിട്ട പാക്‌- അഫ്ഗാനീ ഉമ്മാമമാര്. ആരോഗ്യമൊന്നും വകവെക്കാതെ അവരും മലകയറിയെത്തിയിട്ടുണ്ട്. തോറാബോറാ കുന്നുകളിലൂടെയും പാക്‌-അഫ്ഗാന് മലയിടുക്കുകളിലൂടെയുമുള്ള യാത്രകൾ അവരുടെ ശരീരത്തിന്നു ആരോഗ്യം നല്കിയിട്ടുണ്ടാവണം!! വെള്ളമുണ്ടുടുത്ത നമ്മുടെ നാട്ടിലെ മുഹമ്മദാക്കമാരും അബൂബക്കറാക്കമാരും ഉംറ ഏജൻസിയുടെ പരസ്യം പതിച്ച മക്കന ധരിച്ച ആയിഷത്താത്താമാരും ഖദീജത്താത്താമാരും വാർദ്ധക്യത്തിന്റെ അവശതകൾ പ്രയാസപ്പെടുത്തിയിട്ടും ഹിറാഗുഹ വരെയെത്താൻ ശ്രമിക്കുന്നുണ്ട്. ചിലരൊക്കെ ഉച്ചിയിലെത്തിയിട്ടുമുണ്ട്. ചില മലയാളീ ഉംറാ-സിയാറത്ത്‌ സംഘങ്ങള് ഹിറ-സൌര് സന്ദര്ശനം നിര്ബന്ധ കര്മമായിട്ടാണ് പരിഗണിക്കുന്നതും. മസ്ജിദുൽ ഹറമിൽ ബാങ്കൊലി മുഴങ്ങിയാൽ എല്ലാവരും നമസ്കാരത്തിന്നായി ഹറം ലക്ഷ്യമാക്കി നീങ്ങുമ്പോൾ ഇപ്പറഞ്ഞ മക്കനാ ധരിണികളിൽ ചിലര് നമസ്കാരത്തിന്നായി താമസസ്ഥലത്തേക്ക് തിരിച്ചു നടക്കുന്നതായി പലപ്പോഴും കണ്ടിട്ടുണ്ട്!

ഗുഹയിലേക്കുള്ള വഴിയിൽ ചില വിശ്രമ സങ്കേതങ്ങളുണ്ട്. ചിലയാളുകൾ അതിൽ വിശ്രമിക്കുന്നു. എന്പതു കഴിഞ്ഞ ഒരു അഫ്ഗാനിക്ക് സമീപം കുറച്ചു അറബു വംശജര് ചമ്രം പടിഞ്ഞിരിക്കുന്നു. അദ്ദേഹം ഗുഹ സന്ദര്ശിച്ചു ക്ഷീണം മാറ്റാനിരുന്നതാണ്. കാര്യമാത്രപ്രസക്ത ചര്ച്ച നടക്കുന്നത് പോലെ തോന്നി. ചർച്ചകളിൽ ഞങ്ങളും പോയിരുന്നു. അദേഹത്തിനു അറബി എഴുത്ത് ഭാഷ കുറച്ചൊക്കെ പറയാനറിയാം. ഒരു അഫ്ഗാനിക്ക് അറബി ഭാഷ സംസാരിക്കുകയെന്നത് അത്ഭുതപ്പെടുത്തി. ഇബ്രാഹീം നബിയുടെ ചരിത്രവും കുറെയൊക്കെയറിയാം. ഇബ്രാഹീം നബി അമ്പലത്തിലെ ബിംബങ്ങളെ തച്ചുടച്ചത് മക്കയിലാണെന്നാണ് അദ്ദേഹം ധരിച്ചു വച്ചതു. ഇസ്ലാം പിറവി കൊണ്ടത്‌ ഹിറാഗുഹയിൽ നിന്നാണെന്നും..!! അൾജീരിയന് അറബു വംശ്ജരോടൊപ്പം അദ്ദേഹത്തിന്നു ചരിത്രം പറഞ്ഞു മനസ്സിലാക്കികൊടുക്കാൻ ശ്രമിച്ചു. ഉർദു അദ്ദേഹത്തിന്നു മനസ്സിലാവുമെങ്കിലും അല്ജീരിയക്കാർക്കറിയില്ലല്ലോ. ഈ ചര്ച്ചകള്ക്ക് സാക്ഷിയായി മറ്റുചില അഫ്ഗാനികളും വേറൊരു പാകിസ്ഥാനിയും...

കയറാനെടുത്ത അത്രസമയം തന്നെ വേണ്ടി വന്നു ഇറങ്ങാനും. മലയുടെ താഴെ പ്രവാചകന്നു കിട്ടിയ ദിവ്യബോധനത്തെ കുറിച്ചും മറ്റുമുള്ള വിവിധ ഭാഷകളിലുള്ള ബുക്ക് ലെറ്റുകളും മറ്റും സൗജന്യമായി വിതരണം ചെയ്യുന്നു. ടാക്സിയിൽ കയറി. തലേദിവസം ഞങ്ങളുടെ ഉംറാ ഗൈഡ് ജാഫര് എളമ്പിലാക്കോടിന്റെ ഖദീജ(റ)യെ കുറിച്ച മനസ്സില്തട്ടിയ വിശദീകരണം ഓര്മ്മയിലേക്ക് കടന്നുവന്നു. ജാഫര് സാഹിബിന്നു മദീനയും മക്കയും അവിടങ്ങളിലെ ചരിത്രസംഭവങ്ങളുമെല്ലാം മനപ്പാഠമാണ്.

ഖദീജ(റ) മരണപ്പെട്ടിട്ട് ഒരുപാടു വര്ഷങ്ങള്ക്ക് ശേഷവും പ്രവാചകൻ അവരെ ഓർക്കാറുണ്ടായിരുന്നു. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു ഖദീജ(റ)യുമൊത്തുള്ള ജീവിതമെന്ന് പ്രവാചക ചരിത്രം നമുക്ക് പറഞ്ഞു തരുന്നു. പ്രയാസവും പ്രതിസന്ധിയും നിറഞ്ഞ മക്കാ പ്രബോധനകാലഘട്ടത്തില് തന്റെ ജീവിതാന്ത്യം വരെ വിശ്വാസികളുടെ ഈ മാതാവ് പ്രവാചകര്‍ക്ക് താങ്ങും തണലുമായിമായിരുന്നു. ഖദീജ(റ)യെ അനുസ്മരിച്ചതുപോലെ പ്രവാചകന് ഭാര്യമാരില് മറ്റാരേയും അനുസ്മരിച്ചിരുന്നില്ല. ഖദീജ ജീവിച്ചിരുന്നെങ്കിൽ, ഖദീജ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് പ്രയാസഘട്ടങ്ങളില് അവിടുന്ന് പറയാറുണ്ടായിരുന്നു. ആരോഗ്യവതികളായ ഭാര്യമാരെ താങ്കള്ക്ക് പടച്ചവനു നല്കിയിട്ടും താങ്കളെന്തിന്നാണ് ആ ഖുറൈശിപ്പെണ്ണിനെപ്പറ്റി എപ്പോഴും ഓർത്തുകൊണ്ടിരിക്കുന്നതെന്ന് ഒരിക്കല് ആയിഷ(റ) പ്രവാചകരോട് രോഷത്തോടെ ചോദിച്ചപ്പോള് അവിടുത്തെ മുഖം ചുവക്കുകയും കണ്ണ് നിറയുകയും ചെയ്തു. ഇസ്ലാമിന്നു വേണ്ടി അവർ ചെയ്ത സേവനങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ആയിഷ(റ)ക്കു പ്രവാചകൻ മറുപടി കൊടുത്തത്. ഖുറൈശികള് മൊത്തം എന്നെയും കുടുംബത്തെയും ബഹിഷ്കരിച്ചപ്പോള് താങ്ങും തണലുമായി ഖദീജ എന്നോടൊപ്പം നിലകൊണ്ടു. ഹിറാഗുഹയിൽ നിന്ന് തിരിച്ച്, പനിയും വിറയലും അനുഭവപ്പെട്ടു വീട്ടിലെത്തിയപ്പോള് സമാധാനിപ്പിച്ചത് അവരായിരുന്നു. അവരുടെ സമ്പത്ത് ഇസ്ലാമിന്നൊരുപാട് അനുഭവിക്കാൻ കഴിഞ്ഞിരുന്നു ആയിഷാ.... ഖദീജയെ പോലെ ആരുണ്ട്... ഖദീജയെ പോലെ ആരുണ്ട്... ഖദീജയെ പോലെ ആരുണ്ട്.... പ്രവാചകന് മൊഴിഞ്ഞു കൊണ്ടിരുന്നു.............

എല്ലാം ഒന്നുകൂടി ഓര്ത്തുകൊണ്ട് അവിടുത്തെ പ്രിയപത്നിയായ വിശ്വാസികളുടെ മാതാവ്‌ അന്ത്യവിശ്രമം കൊള്ളുന്ന ജന്നത്തുൽ മുഅല്ലക്ക് സമീപമുള്ള ഞങ്ങളുടെ റൂമിലേക്ക്‌... ആ മാതാവിന്റെ സാമീപ്യം അനുഭവിക്കുന്നത് പോലെ............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ